ജോയിയുടെ കുടുംബത്തിന് വീട് നൽകണം: മനുഷ്യ അവകാശ കമ്മീഷൻ
1539870
Saturday, April 5, 2025 6:39 AM IST
തിരുവനന്തപുരം: തമ്പാനൂർ റയിൽവേ സ്റ്റേഷൻ പരിസരത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് വീട് നിർമിച്ചു നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി നഗരസഭാ സെക്രട്ടറി രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ജോയിയുടെ മൃതദേഹം 2024 ജൂലൈ 15 ന് ലഭിച്ചെന്നും 13 ലക്ഷം റയിൽവേയും 10 ലക്ഷം രൂപ സംസ്ഥാന സർക്കാരും കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ജോയിയുടെ കുടുംബത്തിന് വീടില്ലെന്നും ഭൂമി ലഭ്യമാക്കാൻ ജില്ലാ പഞ്ചായത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭൂമി ലഭിച്ചാൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ വീട് നിർമിച്ച് നൽകുമെന്നും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകൾക്ക് പുറമേ ഡോ. ഗിന്നസ് മാടസ്വാമി, അജു ചെറിയാൻ, വി. ദേവദാസ്, എ. അക്ബർ അലി എന്നീ പൊതുപ്രവർത്തകരും പരാതി സമർപ്പിച്ചിരുന്നു.