ചരിത്ര നേട്ടവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
1539863
Saturday, April 5, 2025 6:39 AM IST
വിഴിഞ്ഞം : പ്രതീക്ഷകൾക്കൊപ്പമുയർന്ന് കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ചുരുങ്ങിയ കാലയളവിനുള്ളിൽ അഞ്ച് ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് പുതിയ ചരിത്രം കുറിച്ചു. ആദ്യഘട്ടത്തിൽ വാർഷിക ശേഷിയായി കണക്കാക്കിയിരുന്ന പത്ത് ലക്ഷം കണ്ടെയ്നറുകൾ കടക്കുമെന്ന ആത്മവിശ്വാസത്തിലാണ് അധികൃതർ.
ഇതുവരെ എത്തിയ 246 കപ്പലുകളിൽ നിന്നായി 5018 47 കണ്ടെയ്നറുകൾ വിജയകരമായി കൈകാര്യം ചെയ്തു. കഴിഞ്ഞ വർഷം ജൂലൈയിൽ ട്രയൽ റൺ തുടങ്ങി ഡിസംബർ മുതൽ കൊമേഴ്സ്യൽ രീതിയിൽ കപ്പലടുപ്പിച്ച വിഴിഞ്ഞത്തിന്റെ നേട്ടം മറ്റാർക്കും അവകാശപ്പെടാനാകില്ലെന്ന വിലയിരുത്തലിലാണ് അധികൃതർ.
വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇത്രയം വലിയ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് ആഗോളമാരിടൈം മേഖലയിൽ വിഴിഞ്ഞത്തിന്റെ പ്രാധാന്യം ഒന്നുകൂടി വർദ്ധിപ്പിക്കുന്നതിന് വഴിതെളിച്ചു. ഇവിടെയെത്തി ദൗത്യം പൂർത്തിയാക്കി മടങ്ങിയതിൽ ബഹുഭൂരിപക്ഷവും എംഎസ്സി എന്ന വമ്പൻ കപ്പൽ കമ്പനിയുടെ ചരക്ക് കപ്പൽ എന്നതും എറെ ശ്രദ്ധേയമാണ്.
വിഴിഞ്ഞ് കപ്പലടുപ്പിക്കാൻ സന്നദ്ധമായി നിരവധികമ്പനികൾ ഉണ്ടെങ്കിലും അവർക്ക് അവസരം നൽകാത്ത തരത്തിൽ എംഎസ്സിയുടെ കപ്പലുകൾ നിരന്തരം ക്യൂവിലാണ്. രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും പൂർത്തിയാകുന്നതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തെ വൻകിട തുറമുഖങ്ങളെയും വെല്ലുമെന്ന് അധികൃതർ പറയുന്നു.