ധര്മികതയുണ്ടെങ്കില് മുഖ്യമന്ത്രി രാജിവയ്ക്കണം: എം.എം. ഹസന്
1539853
Saturday, April 5, 2025 6:27 AM IST
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ ധാര്‍മികതയുടെ കണിക അവശേഷിക്കുന്നുണ്ടെങ്കില്‍ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്.
തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ രാപകല്‍ സമരവും മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് പ്രതിഷേധവും തിരുവനന്തപുരം കോര്പ്പറേഷന് ഓഫീസിനു മുന്നില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെയ്യാത്ത സേവനത്തിനാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് വിവാദ കമ്പനിയില്‍ നിന്ന് മാസപ്പടി ലഭിച്ചത്. ഇത് എന്തിനായിരിക്കുമെന്നത് പകല്‍പോലെ വ്യക്തമാണ്. ഗുരുതരമായ കണ്ടെത്തലാണ് എസ്എഫ്ഐഓയുടെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയരുമ്പോള്‍ ധാര്‍മിക ഉയര്‍ത്തിക്കാട്ടി മന്ത്രിപദവി രാജിവച്ച ചരിത്രമാണ് കേരളത്തിലുള്ളത്.
അഴിമതിക്കെതിരായ പോരാട്ടം ദേശീയതലത്തില്‍ വ്യാപിപ്പിക്കുമെന്നാണ് പിബി അംഗം പ്രകാശ് കാരാട്ട് മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ പറഞ്ഞത്. ഗുരുതര അഴിമതി ആരോപണ നിഴലില്‍ നില്ക്കുന്ന സ്വന്തം മുഖ്യമന്ത്രിയെ രാജിവയ്പ്പിക്കാനുള്ള ആര്‍ജ്ജവം കാട്ടിയിട്ടുവേണം സിപിഎം നേതാക്കാള്‍ അഴിമതിക്കെതിരായ പോരാട്ടം തുടങ്ങേ തെന്നും ഹസന് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി സംസ്ഥാനങ്ങളെ തര്കുന്നത് പോലെയാണ് പിണറായി സര്‍ക്കാര്‍ സാമ്പത്തിക വിഹിതം വെട്ടിക്കുറച്ച് തദ്ദേശസ്ഥാപനങ്ങളെ ദ്രോഹിക്കുന്നത്. ബജറ്റ് വിഹിതം പോലും അനുവദിക്കുന്നില്ല. പ്ലാന്‍ഫണ്ട് വലിയ തോതില്‍ വെട്ടിക്കുറച്ചു.
തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്കിയ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയാണ് പിണറായി സര്‍ക്കാരെന്ന് ഹസന് പറഞ്ഞു.
ബീമാപള്ളി റഷീദ് അധ്യക്ഷത വഹിച്ചു. സി.പി.ജോണ്‍, പാലോട് രവി, പി.കെ.വേണുഗോപാല്‍, വി.എസ്.ശിവകുമാര്‍,ശരത് ചന്ദ്രപ്രസാദ്, ജി.എസ്.ബാബു,കൊട്ടാരക്കര പൊന്നച്ചന്, ഇറവൂര്‍ പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.