മുരുകനെത്തും സേലത്തുനിന്നും ‘തണ്ണീർക്കുട'വുമായി...
1539584
Friday, April 4, 2025 6:51 AM IST
കാട്ടാക്കട: സേലം മുതൽ തിരുവനന്തപുരം വരെ ദൈനംദിന യാത്ര. ഈ യാത്രയിലൂടെ കത്തിക്കാളുന്ന വേനലിൽ മറ്റുള്ളവർക്ക് ആശ്വാസം നൽകുകയാണ് ഈ തമിഴ്നാട്ടുകാരൻ. രാവിലെ റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റേഷനിലോ മുരുകനെ കാണാം. ഒരു ചാക്കു സേലം വെള്ളരിക്കയുമായി മുരുകൻ എത്തും.
വെള്ളരിക്ക ചെറിയ കഷണങ്ങളാക്കി പാക്കറ്റിൽ ഇട്ട് തരും. വില പത്തു രൂപ. കത്തിക്കാളുന്ന വെയിലിൽ നാവിനു രുചിയും വയറിനു കുളിരുമാണ് ഈ പാക്കറ്റ്. വാടിക്കരിഞ്ഞു വരുന്നവർ മുരുകനെ കണ്ടാൽ ഒരു പാക്കറ്റ് വാങ്ങാതെ പോകാറില്ല. അതിന്റെ രുചി അറിഞ്ഞാൽ അടുത്ത ദിവസവും മുരുകനെ തേടി എത്തും.
മുരുകൻ അധികവും റെയിൽവേ സ്റ്റേഷനിലാണ് ഇരിക്കുക. അർധരാത്രി സേലത്തെ ഗ്രാമത്തിൽനിന്നും വെള്ളരിക്കയുമായി തിരിക്കുന്ന മുരുകൻ പുലർച്ചെ കേരളത്തിൽ എത്തിയാൽ ആദ്യം അതു വൃത്തിയാക്കുന്ന പണിയിൽ ഏർപ്പെടും. ഭംഗിയായി കീറിയ ഒരു വെള്ളരിക്ക കവറിൽ ആക്കി അതിൽ അൽപ്പം ഉപ്പും അൽപ്പം മുളക് പൊടിയും ചേർക്കും.
ഏതാണ്ട് ഉച്ചയാകുമ്പോൾ തന്നെ വിറ്റുതീരും. പിന്നെ മടക്കം. അർധരാത്രിയിൽ സേലത്തെത്തും. അൽപ്പം ഉറക്കം വീണ്ടും അടുത്ത വണ്ടി പിടിക്കാൻ സഞ്ചാരം. രണ്ടു മക്കളുള്ള മുരുകനു നാട്ടിൽ ആകെയുള്ളത് അഞ്ചുസെന്റ് പുരയിടം മാത്രം. അതിൽ ചെറിയ കൂര. മക്കൾക്കും ഭാര്യയ്ക്കും പ്രായംചെന്ന അമ്മയ്ക്കും ഏകആശ്രയം മുരുകൻ തന്നെ. വെള്ളരിക്കവിറ്റു കിട്ടുന്ന പണം കൊണ്ടുവേണം ജീവിക്കാൻ. അതിനാൽ തന്നെ ട്രെയിന്റെ ഓട്ടത്തിനൊപ്പം മുരുകനും ഓടുന്നു. ഭാര്യയാണ് സേലത്തെ കൃഷിയിടങ്ങളിൽനിന്നും ഇളം വെള്ളരിക്ക വാങ്ങുന്നത്. കിലോ മീറ്ററുകളോളം പരന്നു കിടക്കുന്ന വെള്ളരിക്കതോട്ടങ്ങളിൽ നിന്നും വില പേശി വാങ്ങാൻ ഭാര്യക്ക് അറിയാം-മുരുകൻ പറയുന്നു.
ഒരു ദിവസം ശരാശരി 1000 രൂപയ്ക്കുള്ളിൽ ലാഭം കിട്ടുമെന്ന് മുരുകൻ പറയുന്നു. തന്റെ കീശ നിറഞ്ഞാലേ പിള്ളാരുടെ വയറു നിറയൂ എന്നാണ് മുരുകൻ പറയന്നത്. അതിനാൽ തന്നെ നിരന്തരം ഓട്ടമാണ്. കുഞ്ഞുങ്ങളെ നേരെവണ്ണാം ഒന്നു കാണാൻ പോലും കഴിയാത്ത നിലയാണ്. പൊങ്കൽ, അമ്പലത്തിലെ ഉത്സവം, ദീപാവലി എന്നീ വിശേഷ ദിവസങ്ങളിൽ യാത്ര ഒഴിവാക്കുന്ന മുരുകൻ ഹർത്താൽ ദിവസം പോലും എത്തും.
അന്നു നല്ല കൊയ്ത്തായിരിക്കും. എന്നാൽ ട്രെയിനിന്റെ സമയം തെറ്റിയുള്ള വരവും പോക്കും പലപ്പോഴും മുരുകന്റെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതിനാൽ ട്രെയിനിനെ കൂടി തന്റെ ദൈവമായി കാണുകയാണ് മുരുകൻ.