കൃപാഭിഷേകം ബൈബിള്‍ കണ്വന്ഷന് എട്ടു മുതല്‍ 12 വരെ
1539574
Friday, April 4, 2025 6:40 AM IST
തിരുവനന്തപുരം: പുല്ലുവിള ഫൊറോന മൂന്നാമത് ബൈബിള്‍ കണ്വന്ഷന് "കൃപാഭിഷേകം' എട്ടു മുതല്‍ 12 വരെ പുല്ലുവിള കടല്‍തീരത്ത് സംഘടിപ്പിക്കുമെന്ന് ഇടവക വികാരി ഫാ.ആന്റണി എസ്.ബി. അറിയിച്ചു.
ദിവസവും വൈകുന്നേരം നാലു മുതല്‍ രാത്രി 9.30 വരെയാണ് ബൈബിള്‍ കണ്വന്ഷന്. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറും അന്തര്‍ദേശീയ ബൈബിള്‍ പ്രഘോഷകനും വിടുതല്‍ ശുശ്രൂഷകനുമായ ഫാ. ഡോമിനിക് വാളന്മനാല് ആണ് ബൈബിള്‍ കണ്‍വന്‍ഷനു നേതൃത്വം നല്‍കുന്നത്. എട്ടിന് ഉച്ചകഴിഞ്ഞ് നാലിനു ജപമാലയോടെ കണ്വന്ഷന് ആരംഭിക്കും. 4.30ന് ആര്‍ച്ച്ബിഷപ് എമിരറ്റസ് ഡോ.എം. സൂസപാക്യം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും സന്ദേശം നല്‍കുകയും ചെയ്യും.
തുടര്‍ന്ന് അദ്ദേഹം കണ്വന്ഷന് വേദിയില്‍ ബൈബിള്‍ പ്രതിഷ്ഠിക്കും. കണ്വന്ഷന് സമാപന ദിവസമായ 12ന് വൈകുന്നേരം 4.30ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ. ആര്. ക്രിസ്തുദാസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും സമാപന സന്ദേശം നല്‍കുകയും ചെയ്യും.
ദിവസവും 4.30ന് ജപമാല, വിശുദ്ധ കുര്‍ബാന, ആറു മുതല്‍ 9.30 വരെ ഫാ.ഡോമിനിക് വാളന്മനാല് നയിക്കുന്ന ദൈവ വചന പ്രഘോഷണം എന്ന ക്രമത്തിലാണു കണ്വന്ഷന് സംഘടിപ്പിച്ചിരിക്കുന്നത്. കണ്‍വന്‍ഷനിൽ രണ്ടു ലക്ഷത്തോളം പേര് പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.