തിരുവല്ലത്തെ ലഹരിക്കേസ് : പോലീസ് തൊണ്ടിമുതല്‍ മുക്കിയെന്ന് സ്പെഷല്‍ ബ്രാഞ്ച്
1539864
Saturday, April 5, 2025 6:39 AM IST
തിരുവല്ലം: കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വെളളായണിക്കു സമീപം കോളിയൂര്‍ കായല്‍ക്കര ഭാഗത്ത് തിരുവല്ലം പോലീസും ഷാഡോ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ കാറുകളില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി വസ്തുക്കളുമായി നാല് യുവാക്കളെ പിടികൂടിയ സംഭവത്തിൽ വഴിത്തിരിവ്.
പ്രതികളില്‍ നിന്നും കിട്ടിയ 1.2 ഗ്രാം ഹാഷിഷ് ഓയില്‍ തിരുവല്ലം എസ്ഐ തയാറാക്കിയ എഫ്ഐആറില്‍ നിന്നും ഒഴിവാക്കിയെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. 0.66 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നത് .06 ഗ്രാമായും പിടിച്ചെടുത്ത രണ്ടു കാറുകള്‍ എഫ്ഐആറില്‍ ഒന്നായി മാറി എന്നുമാണ് റിപ്പോര്‍ട്ട്.
സ്പെഷല്‍ ബ്രാഞ്ച് സംഭവത്തെക്കുറിച്ച് മനസിലാക്കി എന്നറിഞ്ഞപ്പോള്‍ മറ്റൊരു എഫ്ഐആര്‍ തയാറാക്കിയതായും പറയുന്നു. ഇതില്‍ രണ്ടാമത്തെ കാറും ഉള്‍പ്പെടുത്തി. ഡാന്‍സാഫ് സംഘത്തിന്റെ നീക്കവും തിരുവല്ലം പോലീസ് ചോര്‍ത്തി നല്‍കിയതായി ആക്ഷേപമുണ്ട്. പ്രതികളില്‍ നിന്നും 30 ഗ്രാം കഞ്ചാവും , 65, 000 രൂപയും എയര്‍ ഗണ്ണും പിടിച്ചെടുത്തിരുന്നു.
ഗുണ്ടാ നേതാവും വളളക്കടവ് സ്വദേശിയുമായ ഷാജഹാന്, നെടുമം സ്വദേശി ആഷിഖ്,വളളക്കടവ് സ്വദേശി മാഹീന് , കാര്‍ഷിക കോളജ് കീഴുര്‍ സ്വദേശി വേണു എന്നിവരാണ് കേസിലെ പ്രതികള്‍.
സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ഉന്നത പോലീസ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി എന്നാണ് സൂചന. കേസില്‍ ഉള്‍പ്പെട്ട നാല് പ്രതികളും റിമാന്‍ഡിലാണ്.