സ്നേഹിത ആശ്രയ കേന്ദ്രത്തിനുനേരേ ആക്രമണം; യുവാവ് അറസ്റ്റിൽ
1539573
Friday, April 4, 2025 6:40 AM IST
പേരൂര്‍ക്കട: സ്ത്രീകളെയും കുട്ടികളെയും പാര്‍പ്പിച്ചുവരുന്ന കുടുംബശ്രീ സംരംഭമായ സ്നേഹിത എന്ന ആശ്രയകേന്ദ്രത്തിനുനേരേ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഒരാളെ പേരൂര്‍ക്കട പോലീസ് പിടികൂടി.
നെയ്യാറ്റിന്‍കര ചെങ്കല്‍ വിപിന്‍ ഭവനില്‍ വിപിന്‍ കൃഷ്ണ (33) ആണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞു രണ്ടോടെയായിരു ന്നു സംഭവം. മുട്ടടയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തിലെത്തിയ പ്രതി തന്റെ ഭാര്യയായ ശ്രീജയെ കാണണമെന്നാവശ്യപ്പെട്ടു.
ദമ്പതികള്‍ തമ്മില്‍ ഭിന്നിച്ചുകഴിഞ്ഞിരുന്നതിനാല് അധികൃതര്‍ ഇതിന് അനുവാദം നല്‍കിയില്ല. ഇതിന്റെ വിരോധത്തില്‍ വിപിന്‍ കൃഷ്ണ ആശ്രയകേന്ദ്രത്തിന്റെ ഗ്ലാസുകള്‍ തല്ലിത്തകര്‍ക്കുകയും ഉപകരണങ്ങളായ ഫാനുകള്‍, കസേരകള്‍, കമ്പ്യൂട്ടര്‍, പ്രിന്റര്‍ തുടങ്ങിയവ തല്ലിത്തകര്‍ക്കുകയുമായിരുന്നു.
പ്രതി നേമം പൂഴിക്കുന്ന് ഭാഗത്തുനിന്ന് ഓട്ടോറിക്ഷ വിളിച്ചാണ് പരുത്തിപ്പാറയ്ക്കു സമീപം മുട്ടടയില്‍ എത്തിയതെന്നും ഓട്ടോഡ്രൈവര്‍ ജോര്ജു മായി കലഹിച്ച് ഓട്ടോറിക്ഷ അടിച്ചുപൊട്ടിച്ച സംഭവത്തില്‍ മറ്റൊരു കേസുകൂടി എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
പേരൂര്‍ക്കട എസ്ഐമാരായ പ്രസാദ്, സുനില്‍കുമാര്‍, അഡീ. എസ്ഐ കുമാര്‍, സിപിഒമാരായ സജി, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.