നന്ദിയോട് പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു
1539575
Friday, April 4, 2025 6:51 AM IST
നന്ദിയോട്: കുടവനാട് മേഖലയിൽ ആറു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൂടാതെ പ്രതിരോധ പ്രവർത്തനങ്ങൾക്കു പോയ ആരോഗ്യപ്രവർത്തകയ്ക്കും പനി സ്ഥിരീകരിച്ചിട്ടുണ്ട്.
കുടവനാട് മേഖലയിൽ ഉപയോഗശൂന്യമായി കണക്കാക്കി പലരും തള്ളിയ മാലിന്യങ്ങൾ കുമിഞ്ഞുകൂടി അതിൽ നിന്നുണ്ടായ കൊതുകളാണ് ഡെങ്കിപ്പനിക്ക് കാരണമായതെന്നു പറയുന്നു. മാത്രമല്ല സമീപത്ത് കൊതുകുകൾ പെരുകിയ കുളവും കണ്ടെത്തി.
പാലോട് സിഎച്ച്സിയിലെ മെഡിക്കൽ ഓഫീസർ ഡോ. മനോജിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഭവന സന്ദർശനവും ബോധവത്കരണവും മറ്റു പ്രതിരോധം മാർഗങ്ങളും നിത്യേന നടക്കുന്നുണ്ട്. കൊതുകു വളരാൻ കാരണമായ കിണറിന്റെ ഉടമയ്ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി.
കിണർ അടിയന്തരമായി ശുചീകരിക്കണമെന്നും മാലിന്യം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് നന്ദിയോട് പഞ്ചായത്തിലും കത്തു നൽകിയിട്ടുണ്ട്. പാലോട് ആശുപത്രിയിൽ പനിബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. എല്ലാവരുടെയും രക്തസാമ്പിളുകൾ ശേഖരിച്ച് ഡെങ്കിപ്പനി സ്ഥിരീകരണം നടത്തുന്നു.