മൊബൈല്‍ മോഷണം; ബംഗാള്‍ സ്വദേശി പിടിയില്‍
1539566
Friday, April 4, 2025 6:40 AM IST
പേരൂര്‍ക്കട: മൊബൈല്‍ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശിയെ തമ്പാനൂര്‍ പോലീസ് പിടികൂടി. വെസ്റ്റ് ബംഗാള്‍ മാല്‍ഡ കൃഷ്ണപൂര് സ്വദേശി രാം ജാന്‍ (24) ആണ് പിടിയിലായത്. ഇയാള്‍ ചാലയില്‍ ഒരു വീട്ടില്‍ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. ബുധനാഴ്ച വൈകുന്നേരം 6.30നായിരുന്നു സംഭവം.
തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ നിന്നു നെയ്യാറ്റിന്കരയിലേക്കു ബസ് കാത്തുനില്‍ക്കുകയായിരുന്ന കുടപ്പനക്കുന്നു സ്വദേശിനി ദിവ്യയുടെ മൊബൈല്‍ ഫോണാണ് പ്രതി കവര്‍ന്നത്. സംഭവമറിഞ്ഞെത്തിയ പോലീസ് മിനിറ്റുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി തൊണ്ടിമുതല്‍ കണ്ടെടുക്കുകയായിരുന്നു.
മുമ്പു കോട്ടയം റെയില്‍വേ സ്റ്റേഷന് പരിസരത്ത് സമാനമായ സംഭവത്തില്‍ പ്രതിയാണ് രാം ജാന്‍. തമ്പാനൂര്‍ സിഐ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ ബിനു മോഹന്‍, എഎസ്ഐമാരായ സജു, നാസര്‍, എസ്സിപിഒ സതീഷ്, സിപിഒ അനു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.