കളക്ഷൻ ഏജന്റിൽനിന്നു പണംതട്ടിയ ട്രാഫിക് എസ്ഐക്ക് സസ്പെൻഷൻ
1539578
Friday, April 4, 2025 6:51 AM IST
വിഴിഞ്ഞം: ചാരിറ്റബിൾ സംഘടനയുടെ കളക്ഷൻ ഏജന്റിൽനിന്ന് ബാഗും പണവും തിരിച്ചറിയൽ കാർഡും തട്ടിയെടുത്തതായി പരാതി. ട്രാഫിക് സ്റ്റേഷനിലെ എസ്ഐക്ക് സസ്പെൻഷൻ.
കർണാടക സ്വദേശി വിജയുടെ പരാതിയിൽ പട്ടം ട്രാഫിക് സൗത്ത് സ്റ്റേഷൻ ഗ്രേഡ് എസ് ഐ വിഴിഞ്ഞം ശാന്തിപുരം സ്വദേശി പ്രദീപിനെയാണ് സിറ്റി പോലീസ് കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഇക്കഴിഞ്ഞ 31ന് വൈകുന്നേരമാണ് പോലീസിനു നാണക്കേടു വരുത്തിയ സംഭവം നടന്നത്. വെങ്ങാനൂർ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സന്നദ്ധ സംഘടകളുടെ കളക്ഷൻ ഏജന്റായ വിജയ് വിഴിഞ്ഞം കല്ലുവെട്ടാൻ കുഴിഭാഗത്തെ ബൈപ്പാസ് സർവീസ് റോഡിൽ സ്കൂട്ടർ നിർത്തി.
ഈ സമയം വിഴിഞ്ഞം സ്വദേശി ബൈജു എന്ന ആളുമായി മറ്റൊരു ബൈക്കിൽ എത്തിയ എസ്ഐ ബാഗ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
3,150 രൂപ അടങ്ങിയ ബാഗും തിരിച്ചറിയൽ കാർഡും വാങ്ങിയശേഷം വിഴിഞ്ഞം സ്റ്റേഷനിലെ എസ്ഐ ആണെന്നും പണവും മറ്റു വസ്തുക്കളും അവിടെ വന്നു വാങ്ങാൻ പറഞ്ഞശേഷം മടങ്ങിയെന്നുമാണ് പരാതി. പണം തിരിച്ചു വാങ്ങാനായി വിജയ് വിഴിഞ്ഞം സ്റ്റേഷനിൽ എത്തിയപ്പോഴാണു തട്ടിപ്പ് വെളിവായത്. ഇയാളുടെ പരാതിയിൻമേൽ പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രദീപാണ് പരിശോധനയുടെ പേരിൽ ബാഗ് അപഹരിച്ചതെന്നു വെളിവായത്.
ബുധനാഴ്ച വിഴിഞ്ഞം പോലീസ് പ്രദീപിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടയച്ചു. സംഭവം വിവാദമായതോടെയാണു സസ് പെൻഷൻ എന്ന വകുപ്പുതല നടപടിയുണ്ടായത്.