ശക്തമായ മഴയും കാറ്റും; നഗരത്തില്‍ വ്യാപക മരംവീഴ്ച്ച
1539854
Saturday, April 5, 2025 6:27 AM IST
പേരൂര്‍ക്കട: മഴയിലും കാറ്റിലും തിരുവനന്തപുരം നഗരത്തില്‍ വ്യാപകമായി തണല്‍മരങ്ങള്‍ നിലംപൊത്തി. ക്ലിഫ് ഹൗസില്‍ വൈദ്യുതമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഉറക്കംതൂങ്ങി മരം നിലംപൊത്തി കാര്‍ഷെഡ്ഡിലേക്കു മറിഞ്ഞു.
പാളയം നന്ദാവനത്ത് റോഡുവശത്തെ പുസ്തകവില്പ്പന കേന്ദ്രത്തിനു സമീപത്തേക്ക് മുള ചാഞ്ഞുവീണ് ഗതാഗതതടസം ഉണ്ടായി. കനകക്കുന്നിന് എതിര്‍വശത്തും തണല്‍മരം വീണ് ഗതാഗതതടസം നേരിട്ടു. കവടിയാറില്‍ ചീഫ്സെക്രട്ടറിയുടെ ഓഫീസ് കോമ്പൗണ്ടില്‍ നിന്ന മരത്തിന്റെ വന്‍ ശാഖ കാറ്റില്‍ ഒടിഞ്ഞുവീണു.
തമ്പാനൂര്‍ ആക്സിക് കോളജിന് സമീപത്തെ ഒരുലോഡ്ജിലേക്ക് തണല്‍മരം വേരോടെ പിഴുതുവീണു. മരം മുറിക്കാന്‍ സാധിക്കാതെ വന്നതോടെ ജെസിബിയുടെ സഹായത്തോടെയാണ് ഘട്ടംഘട്ടമായി നീക്കംചെയ്തത്.
പാളയം ഫ്ളൈഓവറിനു സമീപത്തു കണ്ടെയ്നര്‍ ലോറി റോഡിലും ഹോട്ടലിനു സമീപത്തുമായി ചളിയില്‍ താഴ്ന്നത് ഫയര്‍ഫോഴ്സ് ന്യൂമാറ്റിക് ബാഗിന്റെ സഹായത്തോടെയാണ് ഉയര്‍ത്തിമാറ്റിയത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം.
തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് ഫയര്‍ആൻഡ് റസ്ക്യു ഓഫീസര്‍മാരായ എം.എസ്. ഷഹീര്‍, വിമല്‍, അനില്‍കുമാര്‍, വിമല്‍രാജ്, ഷമീര്‍, ഹോംഗാര്‍ഡ് രഞ്ജിത്ത്, ഡ്രൈവര്‍ അഭിലാഷ് എന്നിവരാണ് വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചത്.