പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; പ്രതികള്‍ പിടിയിൽ
1539859
Saturday, April 5, 2025 6:27 AM IST
പേരൂര്‍ക്കട: കരമന പോലീസ് സ്റ്റേഷനിലെ സിവില്‍പോലീസ് ഓഫീസറും കാലടി സ്വദേശിയുമായ ജയചന്ദ്രനെ (37) കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നുപേരെ പോലീസ് പിടികൂടി.
ഒന്നാംപ്രതി നെടുങ്കാട് കുന്നിന്‍പുറം വീട്ടില്‍ ജിതിന് (24), രണ്ടാംപ്രതി നെടുങ്കാട് യോഗീശ്വരം വീട്ടില്‍ രജീഷ് (26), മൂന്നാംപ്രതി ആനത്താനം മുടുമ്പില്‍ വീട്ടില്‍ ലിജോ മോന് (28) എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കഞ്ചാവ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷന് പരിധിയില്‍ ബണ്ടുറോഡ് ഭാഗത്ത് എത്തിയപ്പോഴാണ് മൂന്നംഗസംഘം ജയചന്ദ്രനെ കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ടത്. വയറിനും കാലിനുമാണ് കുത്തേറ്റത്. ഉടന്‍തന്നെ ഇദ്ദേഹത്തെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഡിസിപി നകുല്‍ രാജേന്ദ്രന്റെ നേതൃത്വത്തില്‍ കരമന സിഐ അനൂപ്, എസ്ഐമാരായ സന്ദീപ്, അജിത്കുമാര്‍, കൃഷ്ണകുമാര്‍, സിപിഒ ഹിരണ്‍ എന്നിവരും ഷാഡോ ടീമുമാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.