വിഴിഞ്ഞത്ത് ഒന്നരക്കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
1539571
Friday, April 4, 2025 6:40 AM IST
വിഴിഞ്ഞം : ഉറങ്ങാതെയുള്ള പോലീസിന്റെ കഞ്ചാവ് പരിശോധനയെത്തുടർന്നു വില്പനക്കായി കൊണ്ടു വന്നശേഷം പരസ്പരം കൈമാറുന്നതിനിടയിൽ ഒന്നര കിലോ കഞ്ചാവുമായി മൂന്നു പേർ അറസ്റ്റിൽ. ഇന്നലെപുലർച്ചെ രണ്ടു മണിയോടെ വിഴിഞ്ഞം കല്ലുവെട്ടാൻ കുഴിയിൽ സിറ്റി ഷാഡോ പോലീസും വിഴിഞ്ഞം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ു കഞ്ചാവുമായി മൂന്നു പേരെ പിടികൂടിയത്.
വിഴിഞ്ഞം വലിയവിള കോളനിയിൽ താമസിക്കുന്ന ശങ്കി എന്ന് വിളിക്കുന്ന റസിലിഫ് (45), പെരുമ്പഴുതൂർ പൊറ്റവിള ജെ. ആർ. ഭവനിൽ ബ്രിട്ടോ വി. ലാൽ (39), പെരുമ്പഴുതൂർ റസ്സൽപുരം പിണങ്ങോട്ടുകുഴി വീട്ടിൽ ബിജോയ് (23) എന്നിവരാണ് പിടിയിലായത്. ചെറിയ പൊതികളിലാക്കി വിഴിഞ്ഞത്തു കച്ചവടം ചെയ്യാനായി എത്തിച്ചതായിരുന്നു കഞ്ചാവ്.
പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പഴുതൂരിൽ പ്രതികളിലൊരാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 200 ഗ്രാം കഞ്ചാവ് കൂടി പിടികൂടിയതായും വിഴിഞ്ഞം പോലീസ് പറഞ്ഞു.
സിറ്റി ഷാഡോ പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഷാഡോ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ നകുൽ ദേശ്മുഖിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം എസ്എച്ച്ഒ പ്രകാശ്, എസ്ഐമാരായ പ്രശാന്ത്, സതികുമാർ, വിനോദ്, ഉമേഷ്, എസ്സിപിഒ മാരായ ഗോഡ് വിൻ, ബാബു എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവുമായി പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.