മുട്ടടയിൽ വീടിന്റെ മൂന്നാംനില കത്തിനശിച്ചു
1539583
Friday, April 4, 2025 6:51 AM IST
പേരൂർക്കട: പ്രവാസി മലയാളിയുടെ വീടിന്റെ മൂന്നാം നിലയ്ക്ക് തീപിടിച്ചു. മുട്ടട കുന്നുംപുറം കാവിൽ ഹൗസിൽ ജോർജിന്റെയും സുമ ജോർജിന്റെയും വീടിനാണ് ഇന്നു രാവിലെ എട്ടോടുകൂടി തീപിടിച്ചത്.
അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ തുണിയിലേക്ക് തീ പടരുകയും തുടർന്നു മുറിയിലെ വസ്ത്രങ്ങളിലേക്ക് തീ വ്യാപിക്കുകയുമായിരുന്നു. മൂന്നാം നിലയിൽ ഉണ്ടായിരുന്ന ഫ്രിഡ്ജ്, വാട്ടർ ടാങ്ക്, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ എന്നിവയാണ് കത്തി നശിച്ചത്.
തിരുവനന്തപുരം ഫയർ സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും അതിനുമുമ്പ് തന്നെ കിണവൂർ വാർഡ് കൗൺസിലർ ആർ. സുരകുമാരിയുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്നു തീ കെടുത്തുകയായിരുന്നു.
80,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് പറഞ്ഞു. വേനൽ കടുത്തിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ തീയുമായി ബന്ധപ്പെട്ട കാര്യത്തിൽ പ്രത്യേക സുരക്ഷ പാലിക്കണമെന്ന് ഫയർഫോഴ്സ് അറിയിച്ചു.