നെടുമങ്ങാട് മാർക്കറ്റിലെ മൊത്തവ്യാപാര വിപണിയിൽ കർഷക സമരം
1539255
Thursday, April 3, 2025 6:41 AM IST
നെടുമങ്ങാട്: അന്താരാഷ്ട്ര മാർക്കറ്റിലെ മൊത്ത വ്യാപാര വിപണിയിൽ കർഷക സമരം. കർഷകർ എത്തിച്ച കാർഷിക ഉത്പ്പന്നങ്ങൾ ഹോർട്ടികോർപ്പ് ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കർഷകർ രംഗത്തെത്തിയത്.
ഇന്നലെ രാവിലെ 11 മണിയോടെയാണു ലേലം ആരംഭിക്കുന്നത്. എന്നാൽ പച്ചക്കറികൾ എത്തിച്ച കർഷകരിൽനിന്ന് കുറച്ചു ഉത്പ്പന്നങ്ങളാണ് ഹോർട്ടികോർപ്പ് അധികൃതർ ഏറ്റെടുക്കാൻ തയാറായത്. വിപണിയിൽ എത്തിച്ച പച്ചക്കറികൾ പൂർണമായി ഏറ്റെടുക്കണമെന്നു കർഷകർ ആവശ്യപ്പെട്ടു. കാർഷിക മൊത്ത വ്യാപാര വിപണി സർക്കാരിനു കീഴിൽ പ്രവർത്തിക്കുമ്പോൾ പൂർണമായി എടുക്കാത്ത സമയങ്ങളിൽ പ്രതിഷേധം നടക്കുമ്പോൾ പച്ചക്കറികൾ മൊത്തം ഏറ്റെടുക്കുമായിരുന്നു.
എന്നാൽ ഇപ്പോൾ കേരള അഗ്രോ ബിസിനസ് കമ്പനിക്ക് (കാബ്കോ) 30 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റ് ഉൾപ്പെടെ സംസ്ഥാനത്തെ ആറു മാർക്കറ്റുകൾ സർക്കാർ ലീസിനു നൽ കി. ഇതിൽ കർഷകർ ആശങ്ക അറിയിച്ചെങ്കിലും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയിരിന്നു. എന്നാൽ ഇന്നലെ കുറച്ചു പച്ചക്കറി ഏറ്റെടുക്കാൻ ശ്രമിച്ചതോടെ അതു പറ്റില്ലെന്നു കർഷകർ അറിയിച്ചു. തുടർന്നു വൈകുന്നേരമായിട്ടും പച്ചക്കറികൾ എടുക്കാതെ വന്നതോടെ സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു.
നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലേയും കൊല്ലം ജില്ലയിലെ കുറച്ചു ഭാഗങ്ങളിലേയും സാധനങ്ങളാണ് ഇവിടെ എത്തിക്കുന്നത്. സാധനങ്ങൾ ഏറ്റെടുക്കാതായതോടെ ലക്ഷങ്ങളാണു കർഷകർക്ക് നഷ്ടം സംഭവിക്കുന്നത്. സാധനങ്ങൾ എടുത്തില്ലെങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നു കർഷകർ പറഞ്ഞു.
തുടർന്ന് രാത്രി 7:30 മണിയോടെ കാബ്കോ എഎം ഡി. സാജു സുരേന്ദ്രൻ സ്ഥലത്തെത്തി കർഷകരുമായി ചർച്ച നടത്തി ഉത്പന്നങ്ങൾ പൂർണമായി ഹോർട്ടികോർപ്പ് ഏറ്റെടുക്കുവാൻ തീരുമാനിച്ചു. തുടർന്നു സമരം അവസാനിപ്പിച്ചു. പ്രശ്നപരിഹാരത്തിനു ചർച്ചകൾ തുടരാനും തീരുമാനിച്ചു.