ഒരുലക്ഷത്തിൽപ്പരം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം തുറമുഖം
1538941
Wednesday, April 2, 2025 6:40 AM IST
വിഴിഞ്ഞം: എംഎസ്സി ഷിപ്പിം കമ്പനിയുടെ ആധിപത്യത്തിൽ വീണ്ടും ചരിത്രം സൃഷ്ടിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. അധികൃതരുടെ പ്രതീക്ഷകൾക്കുമപ്പുറം ഒരു മാസം കൊണ്ട് ഒരു ലക്ഷത്തിൽപ്പരം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് പ്രമുഖ തുറമുഖങ്ങൾക്കൊപ്പമെത്തി. കൊമേഴ്സ്യൽ തുറമുഖാമായുള്ള പ്രഖ്യാപനം കഴിഞ്ഞു നാലാം മാസമായ മാർച്ചിൽ മാത്രം അടുത്ത 51 കപ്പലുകളിൽ നിന്നായി ഒരു ലക്ഷത്തി എണ്ണായിരം കണ്ടെയ്നറുകൾ കൈകാര്യം ചെയ്താണ് കഴിവ് തെളിയിച്ചത്.
ഏഷ്യയും യൂറോപ്പുമായി ബന്ധിപ്പിക്കുന്ന എംഎസ്സിയുടെ ജെഡ് സർവീസിൽ നാലുകപ്പലും വന്നു പോയി. രണ്ടു വൻകിട കപ്പലുകൾക്ക് ഒരേസമയം നങ്കൂരമിടാൻ സാധിക്കുന്ന ബർത്തുണ്ടെങ്കിലും എംഎസ്സി യുടെ ആധിപത്യമാണ് തുടരുന്നത്. തിരക്ക് വർധിച്ചതോടെ മറ്റ് ഏജൻസികൾക്ക് നൽകാൻ ബർത്ത് ഒഴിവില്ലാത്ത അവസ്ഥ വന്നതായും അധികൃതർ പറയുന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ ആരംഭിച്ച ട്രയൽ റൺ ഡിസംബറിൽ അവസാനിച്ചിരുന്നു. തുടർന്ന് കൊമേഴ്സ്യൽ തുറമുഖമായ വിഴിഞ്ഞം തുറമുഖത്ത് ഇതുവരെ 240 കപ്പലുകൾ അടുത്ത് ദൗത്യം പൂർത്തിയാക്കി മടങ്ങി.