പടിഞ്ഞാറെക്കോട്ടയില്‍ കാറിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം
1538934
Wednesday, April 2, 2025 6:31 AM IST
തിരുവല്ലം: പടിഞ്ഞാറെക്കോട്ടയില്‍ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ചു. ഡോക്ടറും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.15 ഓടുകൂടി പടിഞ്ഞാറെക്കോട്ടയ്ക്ക് സമീപത്തായിരുന്നു കാറിു തീപിടിച്ചത്. ചങ്ങനാശേരി വേരൂര്‍ കല്ലുകുളം ഹൗസില്‍ ഡോ. സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുളള ഫോര്‍ഡ് ഫിസ്റ്റ കാറിനാണ് തീപിടിച്ചത്.
ഡോക്ടറുടെ മക്കളായ ഡോ. എബിന്, കെവിന് സെബാസ്റ്റ്യന്‍ എന്നിവര്‍ തിരുവല്ലത്തുളള സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ പടിഞ്ഞാറെകോട്ടയ്ക്ക് സമീപത്തുവച്ച് കാറില്‍ നിന്നും തീയും പുകയും ഉയരുന്നതു കണ്ട് കാര്‍ ഒതുക്കി നിര്‍ത്തി എല്ലാവരും പുറത്തിറങ്ങുകയായിരുന്നു.
തുടര്‍ന്നു നാട്ടുകാരുടെ സഹായത്താല്‍ വിവരം തിരുവനന്തപുരം ഫയര്‍ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. പിന്നീട് സേനാംഗങ്ങളെത്തി ഹോസ് റീല്‍ ഉപയോഗിച്ച് തീ പൂര്‍ണമായും കെടുത്തുകയായിരുന്നു.
ബാറ്ററിയില്‍ നിന്നും ഉണ്ടായ ഷോര്‍ട്ട് സര്ക്ക്യൂട്ടിലൂടെ എൻജിന്റെ ഭാഗത്തേയ്ക്ക് തീ പടരുകയായിരുന്നു. എൻജിന്റെ ഭാഗം ഭാഗികമായി നശിച്ചു. തലനാരിഴയ്ക്കാണു വന്‍ അപകടം ഒഴിവായത്.