മാലിന്യമുക്ത നഗരസഭ: പിന്തുണയുമായി വ്യാപാരികളും
1538949
Wednesday, April 2, 2025 6:44 AM IST
നെയ്യാറ്റിന്‍കര : സന്പൂർണ ശുചിത്വ നഗരസഭയായ നെയ്യാറ്റിന്‍കരയെ മാലിന്യമുക്തമായി സംരക്ഷിക്കാനും നിലനിര്‍ത്താനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര യൂണിറ്റ് പിന്തുണ അറിയിച്ചു.
യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരസഭയിലെ കച്ചവടസ്ഥാപനങ്ങൾക്കു മുന്നില്‍ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. മിഠായി കവര്‍ പോലും പൊതുനിരത്തില്‍ വലിച്ചെറിയാതിരിക്കാനുള്ള ബോധവത്കരണം നല്‍കും. മാസത്തിലൊരു തവണ നഗരസഭ ജീവനക്കാരുടെ സഹായത്തോടെ പൊതു ഇടങ്ങൾ വൃത്തിയാക്കും.
മാലിന്യ നിർമാർജനത്തിനായി നഗരസഭയ്ക്ക് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സഹായങ്ങൾ നൽകും. മലിനജലം ഓടകളിലോ പൊതുസ്ഥലങ്ങളിലോ തുറന്നുവിടില്ലായെന്നും ചായക്കടകളിലെ ഡിസ്പോസിബിൾ കപ്പുകൾക്കു പകരം സ്റ്റീൽ- കുപ്പി ഗ്ലാസ്സുകൾ ഉപയോഗിക്കുമെന്നും സമിതി യൂണിറ്റ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ മഞ്ചത്തല സുരേഷ് അറിയിച്ചു.