ശംഖുമുഖത്ത് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്
1538943
Wednesday, April 2, 2025 6:40 AM IST
വലിയതുറ: കോടികള്‍ മുടക്കി മോടിപിടിപ്പിച്ചിട്ടും ശംഖുംമുഖത്തെത്തുന്ന സന്ദര്‍ശകരുടെ ദുരിതത്തിന് യാതൊരുവിധ കുറവുമില്ലെന്ന് ആക്ഷേപം. വേനല്‍ ശക്തമായതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നതായി സമീപവാസികളും കച്ചവടക്കാരും പറയുന്നു. എന്നാല്‍ അനധികൃത കച്ചവടക്കാരുടെ നുഴഞ്ഞുകയറ്റമാണ് സന്ദര്‍ശകര്‍ക്ക് തലവേദനയായി മാറിയിരിക്കുന്നത്. മാര്‍ച്ച് ആദ്യവാരത്തിനു ശേഷം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണം നേര്‍പകുതിയിലും താഴെയായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അവധി ദിവസങ്ങളില്‍ രാവിലെ മുതല്‍ സന്ദര്‍ശകരുടെ തിരക്കനുഭവപ്പെട്ടിരുന്നിടത്ത് ഇപ്പോള്‍ നാമമാത്രം പേര് മാത്രമാണെത്താറുള്ളത്. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനായി നിര്‍മിച്ച ഇരിപ്പിടങ്ങളും പാര്‍ക്കും പൂര്‍ണമായി കച്ചവടക്കാര്‍ കൈയേറിയ അവസ്ഥയാണ് നിലവിലുള്ളത്. സന്ധ്യമയങ്ങിയാല്‍ പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം വര്‍ധിച്ചു വരുന്നതും ഇവരെ നിയന്ത്രിക്കാന്‍ പോലീസ് മെനക്കെടാത്തതും സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകാന്‍ കാരണമായി.
കൂടാതെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടത്ര സൗകര്യമില്ലെന്നും സന്ദര്‍ശകര്‍ക്കിടയില്‍ പരാതിയുണ്ട്. ഘട്ടംഘട്ടമായി കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച കെട്ടിടങ്ങളും ഉപയോഗിക്കാതെ നാശത്തിന്റെ വക്കിലാണ്. സന്ദര്‍ശകരെ ആകര്‍ഷിക്കാനും കച്ചവടക്കാരെ പുനരധിവസിപ്പിക്കാനും നിരവധി പദ്ധതികള്‍ നടപ്പിലാക്കിയെങ്കിലും ഇവയൊന്നും ഫലം കണ്ടില്ല എന്നതാണ് വാസ്തവം. കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖകളില്ലാത്തതും കുട്ടികളെ ഉപയോഗിച്ച് കച്ചവടം നടത്തുന്നതും ബീച്ചിലെത്തുന്നവര്‍ക്ക് തലവേദനയായി മാറുകയാണ്.
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ കണക്ക് പ്രകാരം 90 അംഗീകൃത ചെറുകിട കച്ചവടക്കാരണ് നിലവിലുളളത്. എന്നാൽ ഇതരസംസ്ഥാനങ്ങളില്‍ നിന്നുളള കച്ചവടക്കാരുള്‍പ്പെടെ 180ൽ അധികം കച്ചവടക്കാരാണ് ശംഖുംമുഖം ബീച്ചിലും പാര്‍ക്കുകളിലുമായി വിപണനം നടത്തുന്നതെന്നാണു കണക്കുകൾ. ഇത് തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭാഗത്തു നിന്നുള്ള വന്‍ വീഴ്ചയായി കണക്കാക്കുന്നു.
2011-ല്‍ കച്ചവടക്കാര്‍ക്കായി നിര്‍മിച്ച ആറു കടമുറികള്‍ ഉദ്ഘാടനം കഴിഞ്ഞു നാളിതുവരെ തുറന്നിട്ടില്ല. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ കഴിയാതെ വന്നതോടെ ശംഖുംമുഖത്ത് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടത്തിരുന്ന സൗന്ദര്യവത്കരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
വൈകുന്നേരങ്ങളില്‍ തിക്കും തിരക്കുമായിരുന്ന ശംഖുംമുഖം ബീച്ചില്‍നിന്നും സന്ദര്‍ശകര്‍ ഇപ്പോള്‍ വേളി, ആക്കുളം, വെട്ടുകാട് തുടങ്ങിയ മാറ്റു കേന്ദ്രങ്ങളിലേയ്ക്ക് പോകുന്നതാണ് ശുംഖുമുഖത്തെ തിരക്ക് കുറയാന്‍ ഇടയാക്കിയതെന്നാണ് കച്ചവടക്കാരും പറയുന്നത്.