അവധിക്കാലം ആഹ്ലാദകരമാക്കാൻ നെയ്യാർഡാം അക്വേറിയം
1539253
Thursday, April 3, 2025 6:41 AM IST
കാട്ടാക്കട: അവധിക്കാലം ആഹ്ലാദകരമാക്കാൻ വർണമത്സ്യങ്ങളുടെ മനോഹര കാഴ്ചയൊരുക്കി നെയ്യാർഡാം അക്വേറിയം. വൃത്താകൃതിയിലുള്ള കുളത്തിന്റെ മാതൃകയിൽ നെയ്യാർ ഡാമിനു സമീപത്താണ് അക്വേറിയം സ്ഥിതിചെയ്യുന്നത്. അന്തർദേശീയ നിലവാരത്തിലുള്ള കെട്ടിട സമുച്ചയത്തിൽ ഇരുനിലകളിലെ 27 ടാങ്കുകളിലാണ് വർണ മത്സ്യങ്ങളെ പ്രദർശിപ്പിച്ചിരിക്കുന്നത്. അലങ്കാര മത്സ്യങ്ങളെ കാണാനും അടുത്തറിയാനുമായി ദിവസേന നിരവധി പേരാണ് അക്വേറിയത്തിലെത്തുന്നത്.
മനോഹര ചുമർചിത്രങ്ങൾ, വാട്ടർ ഫൗണ്ടനുകൾ, ത്രിമാന മോഡലുകൾ എന്നിവയെല്ലാം ഗവേഷകരെയും വിദ്യാർത്ഥികളെയും ഒരുപോലെ ആകർഷിക്കുന്നവയാണ്. ഏഷ്യയിലെ തന്നെ അപൂർവങ്ങളായ ഇനങ്ങൾക്ക് പുറമേ അക്വേറിയം പ്രേമികൾക്ക് പ്രിയങ്കരങ്ങളായ അലങ്കാര മത്സ്യങ്ങളും ശ്രദ്ധയാകർഷിക്കുന്നു. ഫിഷറീസ് വകുപ്പിന്റെ ജലകൃഷി വികസന ഏജൻസിയായ അഡാക്കിനാണ് അക്വേറിയം നടത്തിപ്പിനുള്ള പൂർണചുമതല.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നിന്ന് ലോക പ്രശസ്തി നേടിയ മിസ് കേരള, തലമുഴയോട് കൂടിയതും ഭാഗ്യംകൊണ്ടുവരുന്നുവെന്നു വിശ്വസിക്കുന്നതുമായ ഫ്ലവർ ഹോൺ, ദൈവത്തിന്റെ സ്വന്തം മത്സ്യമെന്ന പേരുള്ള അരോണ, നീളം കൂടിയ ശുദ്ധജല മത്സ്യമായ അരാപൈമ, ക്യാറ്റ് ഫിഷ്, ചീങ്കണ്ണി മത്സ്യം, വിവിധതരം ഷാർക്കുകൾ, സിക്ലിസുകൾ, ഓസ്കറുകൾ തുടങ്ങി തദ്ദേശീയവും വിദേശീയവുമായ അപൂർവയിനം അലങ്കാര മത്സ്യങ്ങളാണ് ഇവിടെയെത്തുന്ന അക്വേറിയം പ്രേമികൾക്ക് ഹരം പകരുന്നത്.
നാടൻ മത്സ്യങ്ങളുടെ വിപുലമായ ശേഖരവും ഇവിടുണ്ട്. സ്കൂൾ-കോളജ് വിദ്യാർഥികൾക്കായി സൗജന്യ നിരക്കിൽ അക്വേറിയം സന്ദർശിക്കാനുള്ള പ്രത്യേക പാക്കേജും അധികൃതർ ഒരുക്കിയിട്ടുണ്ട്. സന്ദർശനസമയം രാവിലെ 10 മുതൽ വൈകുന്നേരം ഏഴുവരെ.