സെനറ്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി സംഘർഷം : കെഎസ്യു - എസ്എഫ്ഐ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി
1539238
Thursday, April 3, 2025 6:28 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്കു മുന്നില്‍ എസ്എഫ്ഐ - കെഎസ്യു സംഘര്‍ഷം. സെനറ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സൂക്ഷ്മ പരിശോധനയ്ക്കിടെയാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ സംഘര്‍ഷമുണ്ടായത്. ഈ മാസം പത്തിനാണ് സെനറ്റ് തെരഞ്ഞെടുപ്പും യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പും നടക്കുന്നത്.
സൂക്ഷ്മ പരിശോധനയെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിലേക്കു നീങ്ങിയതോടെ വൻ പോലീസ് സംഘമാണ് സ്ഥലത്തെത്തിയത്. പോലീസെത്തി പ്രവർത്തകരെ നീക്കിയതോടെയാണ് സംഘർഷം അവസാനിച്ചത്. ജില്ലാ നേതാക്കളെ ഉള്‍പ്പെടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ മര്‍ദിച്ചുവെന്നു കെഎസ്യു ആരോപിച്ചു.
യൂണിവേഴ്സിറ്റി കാമ്പസിനുള്ളിൽ പത്രികക ളുടെ സൂക്ഷ്മ പരിശോധന നടക്കുമ്പോൾ തന്നെ എസ്എഫ് ഐ പ്രവർത്തകർ സംഘർഷത്തിനുള്ള ശ്രമത്തിലായിരുന്നുവെന്നും കെഎസ്യു ആരോപിച്ചു.
യൂണിവേഴ്സിറ്റി വളപ്പിൽ അക്രമത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് വൻ പോലീസ് സന്നാഹത്തെ ഇവിടെ വിന്യസിപ്പിച്ചിരുന്നു. പിന്നീട് സൂക്ഷ്മ പരിശോധന അവസാനിച്ച ശേഷം കേരള യൂണിവേഴ്സിറ്റിക്കു മുന്നിലെ ആശാൻ സ്ക്വയറിലേക്കും സംഘർഷം നീളുകയായിരുന്നു. അതേസമയം, കെഎസ്യുവാണു സംഘർഷത്തിനു പിന്നിലെന്ന് എസ്എഫ്ഐയും കുറ്റപ്പെടുത്തി. വൈകുന്നേരം ഏഴുമണിയോടെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.