പട്ടാപ്പകല്‍ വാഴക്കുല മോഷണശ്രമം
1538938
Wednesday, April 2, 2025 6:40 AM IST
വെള്ളറട: സ്കൂട്ടറില്‍ എത്തി വാഴക്കുല മോഷ്ടിച്ച് കടക്കാനുള്ള മോഷ്ടാവിന്റെ ശ്രമം പാളി. മോഷ്ടാവ് വാഴക്കുല വെട്ടുന്നതു കണ്ട സമീപവാസികള്‍ നിലവിളിച്ചതോടെ ഇയാൾ സ്കൂട്ടറിൽ കടന്നുകളഞ്ഞു. മണലി ഒലിവ് വില്ലയില്‍ ജസ്റ്റിന് ജോണിന്റെ വാഴക്കുലയാണ് മോഷ്ടിക്കാന്‍ ശ്രമം നടന്നത്.
കാരിമരം ചപ്പാത്തിനു സമീപത്തുള്ള പാടശേഖരത്തില്‍ നട്ടിരുന്ന കപ്പ വാഴയാണ് മോഷ്ടാവ് കവരാന്‍ ശ്രമിച്ചത്. പച്ച സ്കൂട്ടറില്‍ ഹെല്‍മറ്റു ധരിച്ച് എത്തിയ മോഷ്ടാവ് പൂവന് വാഴക്കുലയാണ് ആദ്യം കവരാന്‍ ശ്രമിച്ചത്.
ഒരു ഇടവേളശേഷം കരിമരം ഭാഗത്ത് വ്യാപകമായി വാഴക്കുല മോഷണം നടക്കുന്നതായി പരാതിയുണ്ട്. സാധാരണ രാത്രിയിലാണു വാഴക്കുല കവര്‍ച്ച നടക്കുന്നത്. എന്നാല്‍ ഇന്നലെ പട്ടാപകലാണ് മോഷ്ടാവ് ഹെല്‍മറ്റ് ധരിച്ച് സ്കൂട്ടറിലെത്തി വാഴക്കുല മുറിച്ച് കടക്കാനുള്ള ശ്രമം നടത്തിയത്.
സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നു ജസ്റ്റിന് ജോണ്‍ എത്തി മോഷ്ടാവ് മുറിച്ചുവച്ചിരുന്ന വാഴക്കുല വീട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ ഒന്നും താല്പര്യമില്ലെന്നു ജസ്റ്റിന് ജോണ്‍ പറയുന്നു.