ദന്തല്‍കോളജ് പ്രഫസറില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ ഡല്‍ഹി സ്വദേശി പിടിയില്‍
1539243
Thursday, April 3, 2025 6:28 AM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം ദന്തൽ കോളജിലെ പ്രഫസറില്‍നിന്ന് ലക്ഷക്കണക്കിനു തുക തട്ടിയെടുത്ത സംഭവത്തില്‍ ഡല്‍ഹി സ്വദേശിയെ മെഡിക്കല്‍ കോളജ് പോലീസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു പിടികൂടി. ഈസ്റ്റ് ഡല്‍ഹി ജില്മില് ഫെയ്സ്- 2 വിവേക് വിഹാര്‍ ബി- 233-ല്‍ അനില്‍ അഗര്‍വാള്‍ (56) ആണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞവര്‍ഷം ഫെബ്രുവരി മാസത്തിലാണ് തട്ടിപ്പ് നടന്നത്. നെയ്യാറ്റിന്‍കര പള്ളിവിളാകം തൊഴുക്കല്‍ സിഎസ്ഐ ചര്‍ച്ചിനു സമീപം സ്വപ്നക്കൂട് വീട്ടില്‍ ടി.എസ്. പ്രിയ (42) ആണ് തട്ടിപ്പിനിരയായത്. യാദൃശ്ചികമായി തനിക്കുവന്ന മെയില്‍ വഴിയാണ് ഇവരും ഭര്‍ത്താവ് അജിത്കുമാറും തട്ടിപ്പിലേക്ക് വീണുപോയത്. അമേരിക്കയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുപ്പിക്കാമെന്നും ഇതുവഴി ഉയര്‍ന്ന പ്രമോഷന് ലഭിക്കുമെന്നും പറഞ്ഞുവിശ്വസിപ്പിച്ചായിരുന്നു കബളിപ്പിക്കല്‍.
കോഴ്സ് ഫീസായ 13, 74, 700 രൂപ ദമ്പതികള്‍ അനില്‍ അഗര്‍വാളിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു നല്കി. ഇയാള്‍ ഡല്‍ഹിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്രട്ടേറിയറ്റ് ട്രെയിനിംഗ് ആൻഡ് ഡവലപ്മെന്റ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. പണം നല്‍കിയിട്ടും ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുപ്പിക്കാതായതോടെയാണ് തട്ടിപ്പ് മനസിലായതും പോലീസില്‍ പരാതി നല്കിയതും.
അന്വേഷണസംഘം ഡല്‍ഹിയിലെത്തിയപ്പോഴേക്കും അനില്‍ അഗര്‍വാള്‍ തന്റെ സ്ഥാപനത്തില്‍നിന്നു മുങ്ങി തിരുവനന്തപുരത്തെത്തി മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ തീരുമാനിച്ചു. ഇതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു പിടിയിലാകുകയായിരുന്നു. സൈബര്‍സിറ്റി അസി. കമ്മീഷണര്‍ ജെ.കെ. ദിനില്‍, മെഡിക്കല്‍കോളജ് സിഐ ബി.എം. ഷാഫി, എസ്ഐമാരായ വിഷ്ണു, സാബുകുമാര്‍, ലഞ്ചുലാല്‍, സിപിഒമാരായ റിജോയ് റിച്ചാര്‍ഡ്, ഷൈജു, വിനോദ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.