പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടിച്ചു
1538928
Wednesday, April 2, 2025 6:31 AM IST
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ പാളയത്തെ മെൻസ് ഹോസ്റ്റലിൽ എക് സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി. ഹോസ്റ്റലിന്റെ 455-ാം നന്പർ മുറിയിൽ നിന്നാണ് 20 ഗ്രാം കഞ്ചാവ് പിടികൂടിയതെന്ന് എക്സൈസ് സംഘം അറിയിച്ചു.
മുറിയിലെ താമസക്കാരനായ മൂന്നാർ സ്വദേശിയായ വിദ്യാർഥിയെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മൂന്നാർ സ്വദേശിക്കൊപ്പം ഈ മുറിയിൽ ഒരു പൂർവവിദ്യാർഥിയും താമസിച്ചിരുന്നു. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായിരുന്നു. ഇതു സംബന്ധിച്ചു മ്യൂസിയം പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ പരിശോധനയോ തുടർ നടപടിയോ ഉണ്ടായില്ലെന്ന പരാതിയുണ്ട്. പിന്നീടാണ് എക് സൈസിൽ ഇവിടെ എംഡിഎംഎ ഉണ്ടെന്ന രീതിയിൽ പരാതി ലഭിച്ചതും പരിശോധന നടത്തിയതും.
യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം ഇന്നലെ പരിശോധന നടത്തിയത്. കളമശേരി ഗവണ്മെന്റ് പോളിടെക്നിക് ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിനു പിന്നാലെയാണ് തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റിയുടെ മെൻസ് ഹോസ്റ്റലിലും എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്.
കേരള സർവകലാശാലയ്ക്കു കീഴിലെ നിരവധി സ്ഥാപനങ്ങളിലെ വിദ്യാർഥികൾ താമസിക്കുന്നത് ഇവിടെയാണ്്. എസ്എഫ്ഐയുടെ നിയന്ത്രണത്തിലുള്ള ഹോസ്റ്റലാണിത്. നൂറോളം മുറികളാണ് ഇവിടെയുള്ളത്. ഇതിൽ 15 മുറികളിൽ മാത്രമാണ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 12.30 നോടെ പരിശോധന പൂർത്തിയാക്കി എക് സൈസ് സംഘം മടങ്ങി.
പുറത്തു നിന്നുള്ള ഒട്ടേറെ പേർ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കടന്നു കയറി താമസിക്കുന്നതായി പരാതി ഉയർന്നിരുന്നു. ചിലരുടെ ഫോട്ടോ അടക്കം എക് സൈസ് സംഘം വിദ്യാർഥികളെ കാണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും വരും ദിവസങ്ങളിൽ നടക്കും..
ഇവിടെ കൂടുതൽ മുറികളും അടഞ്ഞു കിടക്കുകയായിരുന്നു. അവധിക്കാലമായ സാഹചര്യത്തിൽ വിദ്യാർഥികൾ വീടുകളിലേക്കു പോയതിനാലാണ് ഇവിടെ മുറികൾ ഒഴിഞ്ഞു കിടക്കുന്നത്. അതേസമയം, ഹോസ്റ്റലിൽ പരിശോധന നടത്തണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടിരുന്നുവെന്നും പിടികൂടിയ ആൾക്ക് എസ്എഫ്ഐയുമായി ബന്ധമില്ലെന്നും ജില്ലാ സെക്രട്ടറി ആദർശ് പറഞ്ഞു.