തിരുവല്ലത്ത് മയക്കുമരുന്ന് വില്‍പ്പന: നാലുപേർ പിടിയിൽ
1539248
Thursday, April 3, 2025 6:40 AM IST
തിരുവല്ലം: നാലംഗ മയക്കുമരുന്നു വില്‍പ്പന സംഘത്തെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സുലൈമാന്‍ മന്‍സിലില്‍ അബ്ദുള്‍ റഹ്മാന്റെ മകന് പൊക്കം ഷാജഹാന് എന്നു വിളിക്കുന്ന ഷാജഹാന്, വള്ളക്കടവ് മേദര്‍ ഹൗസില്‍നിന്നും നെടുമം ഷാജിമന്സിലില് താമസിക്കുന്ന ഹമീദിന്റെ മകന് ആഷിഖ്, വള്ള ക്കടവ് സുലൈമാന്‍ സ്ട്രീറ്റ് നഫീല മന്‍സിലില്‍ അബുബക്കറിന്റെ മകന് മാഹീന്, കാര്‍ഷിക കോളജ് കീഴൂര്‍ കുന്താലംവിള വീട്ടില്‍ വേണു എന്നിവരെയാണ് പിടികൂടിയത്.
ചൊവ്വാഴ്ച രാത്രിയില്‍ വെള്ളായണിക്കു സമീപം കോളിയൂര്‍ കായല്‍ക്കര ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയിലാണു കാറില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. ഇവരില്‍ നിന്നും 30 ഗ്രാം കഞ്ചാവും ആറു ഗ്രാം എംഡിഎംഎയും 65,000 രൂപയും എയര്‍ ഗണ്ണും കണ്ടെടുത്തു.
പോലീസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. ലഹരി വസ്തുക്കള്‍ വില്‍പ്പനക്കായി കൊണ്ടുവന്നതെന്നാണ് പോലീസിനു പ്രതികളില്‍നിന്നും വിവരം ലഭിച്ചത്. പ്രതികള്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുവല്ലം എസ്എച്ച്ഒ പ്രദീപിന്റെ നേതൃത്വത്തില്‍ എസ്ഐ തോമസ്, ഗ്രേഡ് എസ് ഐമാരായ ബിനു, മോഹനന്, എസ്സിപിഒമാരായ രതീഷ്ലാല്‍, അനു, ഹോംഗാര്‍ഡ് വിനില്ജിത്ത് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേ ക്ക് റിമാന്‍ഡ് ചെയ്തു.