എൽഎൽഎം വിദ്യാർഥിക്ക് പട്ടികജാതി വിഭാഗക്കാർക്കുള്ള ഇ-ഗ്രാന്റ് നൽകണം: മനുഷ്യാവകാശ കമ്മീഷൻ
1538940
Wednesday, April 2, 2025 6:40 AM IST
തിരുവനന്തപുരം: രോഗങ്ങളും സാന്പത്തികബുദ്ധിമുട്ടുകളും അനുഭവിക്കുന്ന തിരുവനന്തപുരം ഗവ. ലോ കോളജിലെ എൽഎൽഎം വിദ്യാർഥിക്ക് 2023-24 ലെ പട്ടികജാതി വിഭാഗക്കാർക്കുള്ള ഇ-ഗ്രാന്റിന്റെ രണ്ടാം ഗഡു അടിയന്തിരമായി അനുവദിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പട്ടികജാതി വികസനവകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ നിർദേശം നൽകിയത്. 2023-24 വർഷത്തെ ഇ-ഗ്രാന്റ് ആനുകൂല്യം പൂർണമായും വിതരണം ചെയ്യാൻ ഫണ്ട് കുറവായതിനാൽ കൂടുതൽ തുക ആവശ്യപ്പെട്ട് സർക്കാരിനു കത്തു നൽകിയിട്ടുണ്ടെന്നു പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
തുടർന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2023-24 വർഷത്തെ ആദ്യഗഡു ആനുകൂല്യം പരാതിക്കാരനു നൽകി. സർക്കാരിൽനിന്നും ഫണ്ട് കിട്ടുന്ന മുറയ്ക്ക് രണ്ടാം ഗഡു കൊടുക്കുമെന്നു സിറ്റിംഗിൽ ഹാജരായ പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു.