ഓടയിൽ മലിനജലം: മൂക്കുപൊത്തി നിവാസികൾ
1539254
Thursday, April 3, 2025 6:41 AM IST
കാട്ടാക്കട: ഓടയിൽ മലിനജലം. മൂക്കു പൊത്തി മൈലോട്ടു മൂഴിയി നിവാസികൾ.
കാട്ടാക്കട-നെയ്യാർ ഡാം റോഡിൽ മുതിയാവിളനിന്നും റോഡിന്റെ വലതു വശത്തുകൂടിയുള്ള ഓടയിലൂടെയാണ് മലിന ജലം മൈലോട്ടുമൂഴിയിലെത്തുന്നത്. അവിടത്തെ വെയിറ്റിംഗ് ഷെഡിന്റെ സമീപത്തുകൂടിയാണ് ഓട നിർമിച്ചിരിക്കുന്നത്.
ഈ ഓടയിൽ മൈലോട്ടുമൂഴി ജംഗ്ഷന് സമീപത്തായി 200 മീറ്റർ ദൂരത്തിൽ ഓടയിൽ മലിനജലം കെട്ടിക്കിടക്കുന്നതാണ് നാട്ടുകാരെ ദുരിതത്തിലാക്കിയിരിക്കുന്നത്. ഓടയ്ക്ക് സമീപത്തുള്ള വീട്ടുകാർക്കും റോഡിലൂടെ സഞ്ചരിക്കുന്ന യാത്രാക്കാർക്കും ബസ് കാത്തിരിപ്പുകാർക്കും മൂക്ക് പൊത്തിയേ ഇതുവഴി പോകാനാകു. നാലടിയോളം വീതിയുള്ള ഓടയിൽ മലിനജലം കെട്ടിക്കിടക്കുന്നതിനനു പുറമേ ആല്, അരശ് തുടങ്ങിയവ നിറഞ്ഞ് ഇഴജന്തുക്കൾ വസിക്കുന്ന പാകത്തിലായിരിക്കുകയാണ്.
ഓടയിലെ മലിനജലം കെട്ടിക്കിടന്നതിനാൽ പ്രദേശം ദുർഗന്ധപൂരിതമാണ്. കുട്ടികളുൾപ്പെടെ പലർക്കും ഛർദിയും വയറിളക്കവും ഉണ്ട്. പലവിധ ത്വക്ക് രോഗങ്ങൾ ബാധിച്ച് ബുദ്ധിമുട്ടുന്നവരും ഏറെയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽനിന്നുള്ള കൊതുകുകളുടെ ശല്യവും രൂക്ഷമാണ്. ഓടയിലൂടെ മലിനജലം ഒഴുകിപ്പോകാത്തതുകാരണം സമീപത്തെ വീടുകളിലെ മുറ്റത്ത്പോലും മലിനജലം കെട്ടിക്കിടക്കുകയാണ്. വലിയ പുഴുക്കൾ വീടുകളുടെ സമീപത്ത് ഇഴഞ്ഞ് കയറുന്നതായും പ്രദേശവാസികൾ പരാതിപ്പെടുന്നു.
ഓടയിൽ കെട്ടിക്കിടക്കുന്ന മലിനജലം സമീപത്തെ വീടുകളിലെ കിണറുകളിലേക്കുമെത്തുന്നുണ്ട്. ഈ വെള്ളം ഉപയോഗിക്കുന്നവർക്ക് പലവിധ രോഗബാധകളും ഉണ്ടായിട്ടുണ്ട്. വയറി ളക്കം പോലുള്ള രോഗങ്ങളാൽ നിരവധി പേരാണ് ഇതേ തുടർ ന്ന് ആശുപത്രിയിൽ പ്രവേശിപ്പി ക്കപ്പെട്ടത്. ഓട വൃത്തിയാക്കണമെന്നാവശ്യപ്പെട്ടു പ്രദേശവാസി കൾ അധികൃതരെ സമീപിച്ചെങ്കിലും ഒരു നടപടിയും ഇല്ല.