തെക്കന്‍ കുരിശുമലയിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹം
1539241
Thursday, April 3, 2025 6:28 AM IST
വെള്ളറട: തെക്കന്‍ കുരിശുമല 68-ാമത് തീര്‍ഥാടനത്തിന്റെ നാലാം നാളില്‍ ഭക്തജനങ്ങളുടെ പ്രവാഹം. നെറുകയില്‍ നടന്ന ആഘോഷമായ ദിവ്യബലിക്കു നെയ്യാറ്റിന്‍കര രൂപത വികാരി ജനറാൾ മോണ്‍. ഡോ. വിൻസന്റ് കെ. പീറ്റര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ഹെര്സിലിന്, ഫാ. അജീഷ് ക്രിസ്തു, ഫാ. ജസ്റ്റിന് ഫ്രാന്‍സിസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
സംഗമവേദിയില്‍ രാവിലെ ഒന്പതിനു "രക്ഷാകര്‍ത്തൃത്വം ഇന്നിന്റെ പശ്ചാത്തലത്തില്‍' എന്ന വിഷയത്തില്‍ മാതാപിതാക്കളുടെ സംഗമം നടന്നു. ഫാ. ജോസഫ് രാജേഷ് സംഗമം ഉദ്ഘാടനം ചെയ്തു. ഡോ. ഷിജിന് ക്ലാസ് നയിച്ചു. വൈകുന്നേരം നാലിനു സംഗമ വേദിയില്‍ നടന്ന പൊതുസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. മോണ്‍. ഡോ. വിന്‍സന്റ് കെ. പീറ്റര്‍ അധ്യക്ഷനായിരുന്നു.
വൈകുന്നേരം 4.30ന് സംഗമ വേദിയില്‍ നടന്ന ഫാ. ജോണ്‍ ബാപ്റ്റീസ്റ്റ് ഒസിഡി അനുസ്മരണദിവ്യബലിയ്ക്കു മോണ്‍. വി.പി. ജോസ് കാര്‍മികത്വം വഹിച്ചു. വൈകുന്നേരം 6.30നു നടന്ന ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് അനുസ്മരണ സമ്മേളനം മോണ്‍. ഡോ. വിന്‍സന്റ് കെ. പീറ്റര്‍ ഉദ്ഘാടനം ചെയ്തു.
മോണ്‍. ജീ ക്രിസ്തുദാസ് അധ്യക്ഷനായിരുന്നു. ഫാ. കുര്യന് ആലുങ്കല്‍ ഒസിഡി, ഫാ. ഹെന്സിലിന് ഒസിഡി, ആല്‍ഫ്രട്ട് തൂങ്ങാം പാറ, സിസ്റ്റര്‍ ഷീബ, തങ്കരാജന്, എന്നിവര്‍ പ്രസംഗിച്ചു. യേശുദാസന് സ്വാഗതവും രാജേഷ് പിജി എം നന്ദിയും പറഞ്ഞു.
സംഗമ വേദിയിലും, ആരാധനാ ചാപ്പലിലും നെറുകയിലും നടന്ന ശുശ്രൂഷകള്‍ക്കു ഫാ. റോബിന് സി. പീറ്റര്‍, ഫാ. വിജിന്, ഫാ. വിപിന്‍ രാജ്, ഫാ. ഫ്രാങ്ക്ളിന്, ഫാ. മോഹന്‍, ഫാ. തോമസ് ശാര്യംകുഴിയില്, ഫാ. ഡി.ആര്. ധര്‍മ്മരാജ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. വൈകുന്നേരം 8.30നും 10.30 നും സംഗമ വേദിയില്‍ ക്രിസ്തീയ സംഗീതാര്‍ച്ചനയും നടന്നു. രാത്രി 8.30ന് ആരാധന ചാപ്പലില്‍ ജാഗരണ പ്രാര്‍ത്ഥനയും നടന്നു.