ആനപ്പുറത്തുനിന്ന് വീണ് പൂജാരിക്ക് ഗുരുതര പരിക്ക്
1539247
Thursday, April 3, 2025 6:28 AM IST
മെഡിക്കല്‍കോളജ്: ആനപ്പുറത്തുനിന്നു വീണ് പൂജാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആദ്യം കിള്ളിപ്പാലം പിആര്‍എസ് ആശുപത്രിയിലും തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു. പേരൂര്‍ക്കട സ്വദേശി പത്മനാഭന് (40) ആണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടുകൂടിയാണ് സംഭവം. വലിയശാല കാവില്‍ ദേവീക്ഷേത്രത്തിലെ പുറത്തെഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട ചടങ്ങിനിടെ ആനയെഴുന്നെള്ളത്ത് ആറന്നൂര്‍ എന്‍എസ്എസ് കരയോഗത്തിനടുത്തെത്തിയപ്പോഴാണ് പൂജാരി ആനപ്പുറത്തുനിന്നു വീണത്. ഉറങ്ങിപ്പോയതാണ് സംഭവത്തിനു കാരണമായത്.
വീഴ്ചയില്‍ തലയ്ക്കടിയേല്‍ക്കുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയുമായിരുന്നു. ക്ഷേത്രഭാരവാഹികളാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്മനാഭന് അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.