ഷോര്‍ട്ട് സര്‍ക്യൂട്ട്; നഗരമധ്യത്തില്‍ കാര്‍ കത്തിനശിച്ചു
1489154
Sunday, December 22, 2024 6:46 AM IST
പേരൂര്‍ക്കട: നഗരമധ്യത്തില്‍ കാര്‍ കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടെന്നു പ്രഥമിക നിഗമനമെന്നു ഫയര്‍ഫോഴ്സ്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ പാപ്പനംകോട്-കിള്ളിപ്പാലം നാഷണല്‍ ഹൈവേ റോഡില്‍ കരമന മാര്‍ക്കറ്റിനു സമീപത്തായിരുന്നു സംഭവം. കിള്ളിപ്പാലത്തെ സ്വകാര്യാശുപത്രിയിലെ ഡോക്ടര്‍ തിരുമല പള്ളിമുക്ക് സ്വദേശി കാര്ത്തിരാജ് ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാറാണു കത്തിയത്.
വാഹനം ഓടിച്ച് ഡോക്ടര്‍ ആശുപത്രിയിലേക്കു വരവെ ഡ്രൈവര്‍സീറ്റിനു പിന്‍വശത്തുനിന്നു തീയും പുകയും ഉയരുകയായിരുന്നു. സമീപത്തെ കടയില്‍ നിന്നും ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീകെടുത്താന്‍ ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല.
തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ ഷാഫിയുടെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ ടി.ഒ. ബിജു, സാജന് സൈമണ്‍, പ്രവീണ്‍, അശ്വിനി, ശ്രുതി, ഹോംഗാര്‍ഡ് ശ്യാമളന് എന്നിവര്‍ ചേര്‍ന്നാണ് തീ കെടുത്തിയത്. ബാറ്ററിയില്‍നിന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതെന്നാണു പ്രാഥമിന നിഗമനം. കത്തിയ കാര്‍ പിന്നീട് സംഭവസ്ഥലത്തു നിന്നു നീക്കി.