ഗൃഹനാഥന് മർദനം: ചീഫ് എൻജിനിയർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1489148
Sunday, December 22, 2024 6:46 AM IST
തിരുവനന്തപുരം: വാട്ടർ അഥോറിറ്റി കുടിശികയുമായി ബന്ധപ്പെട്ട് സംശയം ചോദിക്കാനും കണക്ഷൻ വിഛേദിച്ചത് തിരക്കാനും ജല അഥോറിറ്റി ഓഫീസിലെത്തിയ ഗൃഹനാഥനെ ഉദ്യോഗസ്ഥർ മർദിച്ചെന്ന പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നു മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. സംഭവത്തെ കുറിച്ച് വാട്ടർ അഥോറിറ്റി ചീഫ് എൻജിനീയർ സമഗ്രമായ അന്വേഷണം നടത്തണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റീസ് അലക് സാണ്ടർ തോമസ് ഉത്തരവിട്ടു.
മർദനത്തിന്റെ സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചു വസ്തുതാപരമായ വിവരങ്ങൾ മനസിലാക്കി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർക്ക് സമർപ്പിച്ച റിപ്പോർട്ട് ചീഫ് എൻജിനീയർ കമ്മീഷന് സമർപ്പിക്കണം.
ജനുവരി 16ന് രാവിലെ 10നു കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ചീഫ് എൻജിനിയർ നിയോഗിക്കുന്ന എക്സിക്യൂട്ടീവ് എൻജിനീയർ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. കഴിഞ്ഞ മാസം 28ന് ജല അഥോറിറ്റി പോങ്ങുംമൂട് സെക്ഷൻ ക്യാഷ് കൗണ്ടറിന്റെ പരിസരത്താണ് സംഭവമുണ്ടായത്.
മർദനമേറ്റ ഗൃഹനാഥനെ വീണ്ടും ഓഫീസിലെത്തിച്ചു പരാതിയില്ലെന്ന് എഴുതി വാങ്ങിയെന്നും ആരോപണമുണ്ട്. സംഭവം ജല അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ സ്ഥിരീകരിച്ചിട്ടുള്ളതായി പറയുന്നു. 5,000 രൂപ കുടിശിക അടച്ചശേഷമാണ് കണക്ഷൻ വിഛേദിച്ചതെന്നും പറയുന്നു. ഇക്കാര്യങ്ങളിലെല്ലാം വിശദീകരണം നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.