ഗാർഹിക പീഡനപരാതിയിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത ഗ്രേഡ് എസ്ഐയെ സ്ഥലംമാറ്റാന്‍ നീക്കം
1489153
Sunday, December 22, 2024 6:46 AM IST
വെള്ളറട. ഗാര്‍ഹിക പരാതിക്കേസില്പ്പെട്ട പ്രതിയെ അറസ്റ്റു ചെയ്ത സംഭവത്തില്‍ ആര്യങ്കോട് ഗ്രേഡ് എസ്ഐ യെ സ്ഥലം മാറ്റാന്‍ നീക്കം.
ആര്യന്‍കോട് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തു വരുന്ന ഗ്രേഡ് എസ്ഐയെ സ്ഥലം മാറ്റാനാണ് ആഭ്യന്തര വകുപ്പിനു മേല്‍ സമ്മര്ദമുള്ളതെന്നാണ് ആരോപണം ഉയരുന്നത്. ഒറ്റശേഖരമംഗലം ഇടവാലില് രണ്ടാനച്ഛനും മകനും തമ്മില്‍ ഉള്ള പ്രശ്നവുമായി ബന്ധപ്പെട്ടു പോലീസില്‍ പരാതി നിലനിൽക്കുന്നുണ്ട്.
അതേ തുടര്‍ന്നു കേസിലെ പ്രതിയായ രണ്ടാനച്ഛനോട് ഹാജരാകാന്‍ ആര്യന്‍കോട് സിഐ ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും സ്റ്റേഷനില്‍ ഹാജരാകാന്‍ തയാറാകാത്ത പ്രതിയെ വെള്ളറട ഏരിയാ സെക്രട്ടറിയുടെ വീട്ടിനു സമീപത്തായി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
തുടര്‍ന്നു പ്രതിക്കായി ഇടപെട്ട ഏരിയാ സെക്രട്ടറി പ്രതിയെ മോചിപ്പിക്കാന്‍ ആവശ്യപെടുകയായിരുന്നു. ഇയാള്‍ക്കെതിരെ പരാതി ഉണ്ടെന്നും സ്റ്റേഷനില്‍ കൊണ്ടുപോയി പരാതിക്കാരുമായി സംസാരിച്ചു വിടാമെന്നും പറഞ്ഞു പോലീസ് പ്രതിയെ കൊണ്ടുപോയതാണ് പ്രശ്നം. മുന്‍പ് ആര്യന്‍കോട് സിഐയെ ബി ജെ പി ബന്ധം ആരോപിച്ചു സ്ഥലം മാറ്റിയിരുന്നു.
ന്യായമായ കാര്യങ്ങള്‍ ചെയ്യുന്ന എല്ലാവരെയും ബിജെപിക്കാരാക്കി സ്ഥലം മാറ്റുന്ന ഈ പ്രവണത ആര്യന്‍കോട് സ്റ്റേഷനില്‍ പതിവാണെന്നും സിപിഎം തീരുമാനങ്ങള്‍ ജനങ്ങളോടുള്ള നീതി നിഷേധമാണെന്നും ആരോപണമുണ്ട്.
പാര്‍ട്ടിയാണ് പോലീസ് എന്ന നിലപാടുമായി സിപിഎം മുന്നോട്ടുപോയാല്‍ ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി ആര്യന്‍കോട് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.