നൃത്യസമൃദ്ധി നൃത്തശിൽപശാലയും അവതരണവും നാളെ മുതൽ 28 വരെ
1489151
Sunday, December 22, 2024 6:46 AM IST
തിരുവനന്തപുരം: "നൃത്യസമൃദ്ധി’ നൃത്തശിൽപശാലയും അവതരണവും നാളെ മുതൽ 28 വരെ വെള്ളയന്പലം സുരേന്ദ്രനാഥ് ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ആസ്തിക്യ ഫൗണ്ടേഷന്റെ കൾച്ചറൽ ഔട്ട്റീച്ച് വിഭാഗമായ ആസ്തിക്യ ഫൗണ്ടേഷനും അന്തരിച്ച നർത്തകിയും നടിയുമായ ശ്രീവിദ്യയുടെ സ്മരണാർഥം പ്രവർത്തിക്കുന്ന ശ്രീവിദ്യ കലാനികേതൻ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി ശിവാനന്ദ ആസ്തിക്യ യോഗയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നാളെ രാവിലെ ഒൻപതിന് നർത്തകി മേതിൽ ദേവിക പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് "വ്യഭിചാരീ ഭാവങ്ങളുടെ സ്വാംശീകരണം' എന്ന വിഷയത്തിൽ ഡോ. കണ്ണൻ പരമേശ്വരൻ (പ്രാക്റ്റിക്കൽ ആൻഡ് തിയറി) ക്ലാസ് നയിക്കും. 28 വരെ ദിവസവും രാവിലെ ഒൻപത് മുതൽ രാത്രി എട്ടുവരെ മൂന്നു വിഭാഗങ്ങളിലായി ശർമിള ബിശ്വാസ്, മാർഗി വിജയകുമാർ, പ്രിയങ്ക വെന്പട്ടി എന്നിവർ ക്ലാസുകൾ നയിക്കും.
28ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം കാർത്തിക തിരുനാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പൂയം തിരുനാൾ ഗൗരി പാർവതിബായി വിശിഷ്ടാതിഥിയാകും. നൃത്താധ്യാപകൻ നടനഭൂഷണം നന്തൻകോട് എസ്. വിനയചന്ദ്രനെ ചടങ്ങിൽ ആദരിക്കും. തുടർന്നു പദ്മഭൂഷണ് ഡോ. വെന്പട്ടി ചിന്നസത്യം സംവിധാനം ചെയ്ത "ഭാമാകലാപം' അരങ്ങേറും.
മുതിർന്ന ഒഡീസി നർത്തകിയായ ശർമിള ബിശ്വാസിന്റെയും നൃത്തശില്പശാലയിൽ പങ്കെടുക്കുന്നവരും നൃത്തം അവതരിപ്പിക്കും. അടുത്ത വർഷം നടത്തുന്ന ഗ്ലോബൽ ഡാൻസ് സമ്മിറ്റിന്റെ തീയതി ഡോ. രാജശ്രീ വാര്യർ ഔദ്യോഗികമായി പ്രഖ്യാപിക്കും. "സ്റ്റെപ്പ് ഇൻ ബീയോണ്ട് ഫ്രോണ്ടിയേഴ്സ്' എന്നതായിരിക്കും ഗ്ലോബൽ ഡാൻസ് സമ്മിറ്റിന്റെ ടാഗ് ലൈൻ’.