നഗരം ക്രിസ്മസ് തിരക്കില്‍
1489146
Sunday, December 22, 2024 6:46 AM IST
റിച്ചാര്‍ഡ് ജോസഫ്
തിരുവനന്തപുരം: ക്രിസ്മസിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നാടും നഗരവും ക്രിസ്മസ് ലഹരിയിലാണ്. നഗരത്തില്‍ തെരുവുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലുമെല്ലാം ക്രിസ്മസിന്റെ ആവേശം പ്രകടമാണ്.
രാത്രിയായാല്‍ പള്ളികളിലും പരിസരങ്ങളിലുമെല്ലാം മിന്നിത്തിളങ്ങുന്ന വര്‍ണ വിളക്കുകള്‍ കാണാം. വസ്ത്രശാലകള്‍, ബേക്കറികള്‍, വഴിവക്കിലുള്ള കച്ചടവസ്ഥാപനങ്ങള് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നല്ല തിരക്കാണ്.
നഗരത്തില്‍ പടക്ക വിപണിയിലും നല്ല തിരക്കുണ്ട്. ചെറിയ പൊട്ടാസ് പടക്കങ്ങള്‍ മുതല്‍ പൂത്തിരി, കമ്പിത്തിരി, അമിട്ട് വരെയുള്ളവ വിപണിയില്‍ സുലഭം. തീകൊളുത്തിയാല്‍ തുടരെ തുടരെ പൊട്ടുന്ന ബോക്സ് പടക്കങ്ങള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്.
സ്കൂളുകള്‍ അടച്ചതോടെ കുട്ടികളെയുംകൂട്ടി സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും കുറവല്ല. ലുലുമാള്‍ ഉള്‍പ്പെടെയുള്ള മാളുകളില്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതിനായി വലിയ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ ഇവിടെയും തിരക്കിനു കുറവില്ല.
പലചരക്കു സാധനങ്ങള്‍ മുതല്‍ ക്രിസ്മസിനു വീട്ടിലേക്കു വേണ്ട എല്ലാ സാധനങ്ങളും ഒരു കുടക്കീഴില് ലഭ്യമാണെന്ന പ്രത്യേകതയുമുണ്ട്. വഴുതക്കാട് കാല്‍മല്‍ പള്ളിക്കു സമീപമുള്ള കാര്‍മല്‍ ബുക്സ്റ്റാളിലും പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിനു മുന്നിലും ക്രിസ്മസിനോടനുബന്ധിച്ച് പ്രത്യേക വില്പന മേള സംഘടിപ്പിച്ചിട്ടുണ്ട്.
ക്രിസ്മസുമായി ബന്ധപ്പെട്ട അലങ്കാര വസ്തുക്കളും പുല്‍ക്കൂടുമെല്ലാം ഇവിടെ ലഭിക്കും. കുഞ്ഞന്‍ നക്ഷത്രങ്ങള്‍ മുതല്‍ വലിയ എല്‍ഇഡി നക്ഷത്രങ്ങള്‍ക്കു വരെ വലിയ സ്വീകാര്യതയാണ് ഇവിടെ ലഭിക്കുന്നത്. ക്രിസ്മസ് ട്രീയാണ് വിപണിയിലെ മറ്റൊരു താരം. സമ്മാനപ്പൊതികള്‍, ചെറിയ നക്ഷത്രങ്ങള്‍, ബലൂണുകള്‍, മറ്റ് അലങ്കാര വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് അണിയിച്ചൊരുക്കിയാണ് ഇതിന്റെ വില്‍പ്പന.
പച്ച നിറത്തിലുള്ള പ്ലാസ്റ്റിക്ക് ക്രിസ്മസ് ട്രീകളും തൂവെള്ള ട്രീകളും വിപണിയില്‍ ലഭ്യമാണ്. ബേക്കറികളിലും ക്രിസ്മസിന്റെ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. വീടുകളിലേക്കു കേക്കുകള്‍ വാങ്ങുന്നവരെയും സമ്മാനങ്ങള്‍ കൊടുക്കുന്നതിനായി കേക്കുകളും മറ്റും വാങ്ങുന്നവരും നിരവധി. പ്ലം കേക്കുകളാണ് ക്രിസ്മസ് സ്പെഷലെങ്കിലും കാരമല്‍, ചോക്ലേറ്റ്, ബ്ലാക്ക്, വൈറ്റ് ഫോറസ്റ്റ് കേക്കുകള്‍ക്കും ആവശ്യക്കാരേറെയാണ്.
ക്രിസ്മസും പുതുവര്‍ഷവും അടുത്തതോടെ കോവളം, പൂവാര്‍, വര്‍ക്കല ഉള്‍പ്പെടെയുള്ള ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കോവളത്തെ മിക്ക ഹോട്ടലുകളിലും ക്രിസ്മസ് പുതുവത്സര ബുക്കിംഗ് അവസാനിപ്പിച്ചിരിക്കുകയാണ്.
ആകര്‍ഷകമായി റെഡിമെയ്ഡ് പുല്ക്കൂടുകള്
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനായി പുല്ക്കൂടൊരുക്കുന്നതിന്റെ തിരക്കിലാണ് തലസ്ഥാന വാസികള്‍. അതേസമയം തലസ്ഥാന നിവാസികളില്‍ ഏറിയഭാഗവും റെഡിമേയ്ഡ് പുല്ക്കൂടുകളെയും ട്രീകളെയും ആശ്രയിക്കുന്നവരാണ്. പാളയത്ത് വിവിധയിടങ്ങളില്‍ പുല്‍ക്കൂടുകളുടെ വില്പന നടക്കുന്നുണ്ട്.
പാളയം കത്തീഡ്രല്‍ പള്ളിക്കുമുന്നിലും സ്പെന്സറിനു മുന്നിലും എകെജി സെന്ററിനു സമീപവുമെല്ലാം പുല്‍ക്കൂടുകളുടെ വില്പന നടക്കുന്നുണ്ട്. വര്‍ക്കലയില്‍ നിന്നും നെയ്യാര്‍ ഡാമിന്റെ സമീപ പ്രദേശങ്ങളില്‍ നിന്നും എത്തുന്നവരാണ് പ്രധാനമായും ഇവിടെ പുല്‍ക്കൂട് വില്‍പ്പന നടത്തുന്നത്.
തടിയിലും ഈറ്റയിലും തെര്‍മോക്കോളിലും നിര്‍മിച്ച പുല്‍ക്കൂടുകളാണ് ഇവിടെയുള്ളത്. തടിയില്‍ നിര്‍മിച്ചവയ്ക്ക് അല്‍പ്പം വിലകൂടുതതലാണ്. ഈറ്റയിലുണ്ടാക്കുന്ന പുല്‍ക്കൂടുകളാണ് കൂടുതലായും ഇവിടെ ലൈവായി നിര്‍മിച്ച് നല്‍കുന്നത്.
വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പുല്‍ക്കൂട് നിര്‍മാതാക്കള്‍ ഇപ്പോള്‍ ഡിസംബര്‍ 10 ആകുമ്പോഴേക്കും ഇവിടെത്തും. ഓരോ ദിവസവും മൂന്നു മുതല്‍ ഏഴുവരെ പുല്ക്കൂടുകള് വില്‍ക്കുന്നവരാണ് ഇവിടെയുള്ളവര്‍ ഓരോരുത്തരും. വില്പന കഴിഞ്ഞ് ഇവിടെ തന്നെയാണ് താമസവും.