സിപിഎം ജില്ലാ സമ്മേളനം : ആഭ്യന്തരവകുപ്പിനു രൂക്ഷ വിമർശനം
1489147
Sunday, December 22, 2024 6:46 AM IST
തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പോലീസിന്റെ പ്രവർത്തനത്തിനെതിരെ രൂക്ഷ വിമർശനം.
പോലീസ് സ്റ്റേഷനുകളിൽ പാർട്ടി ലോക്കൽ നേതാക്കളേക്കാൾ സ്വീകരണം ലഭിക്കുന്നതു ബിജെപി-കോണ്ഗ്രസ് നേതാക്കൾക്കാണെന്നും ഇതു താഴെ തട്ടലുള്ള പാർട്ടി പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നൂവെന്നും ഇന്നലെ നടന്ന ചർച്ചയിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
പാർട്ടിയുടെ വിവിധ വേദികളിൽ ചർച്ച ചെയ്തിട്ടും പോലീസിന്റെ രീതിയിൽ മാറ്റമുണ്ടാകുന്നില്ലെന്നും ഇതിൽ ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ രോഷാകുലരാണെന്നും വിമർശനമുയർന്നു. പോലീസിന്റെ പ്രവർത്തനത്തിൽ കാതലായ മാറ്റമുണ്ടായില്ലെങ്കിൽ അതിന്റെ ഗുണം ലഭിക്കുന്നതു രാഷ്ട്രീയ ശത്രുക്കൾക്കാണെന്നും സമ്മേളനത്തിൽ പ്രതിനിധികൾ പറഞ്ഞു.
ആരോഗ്യവകുപ്പിനെതിരെയും വലിയ വിമർശനമാണു സമ്മേളനത്തിൽ ഉണ്ടായത്. സർക്കാർ ആശുപത്രികളിലെ ഒപി ടിക്കറ്റ് ചാർജ് വർധനവിനെതിരെ പാർട്ടിയും ഡിവൈഎഫ്ഐയും വലിയ സമരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ സിപിഎം കേരളം ഭരിക്കുന്പോൾ ഒപി ടിക്കറ്റിന്റെ ചാർജ് വർധിപ്പിച്ചു.
ഇതു അനീതിയാണെന്നും ആരോഗ്യവകുപ്പിൽ ഒരു മന്ത്രിയുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു. ക്ഷേമപെൻഷൻ കുടിശിക വരുത്തുന്നതു സർക്കാരിനും പാർട്ടിക്കും ഗുണകരമല്ല. ഓരോ ബജറ്റിലും ക്ഷേമപെൻഷൻ തുക വർധിപ്പിക്കുന്നതു നിലവിലെ സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതിയനുസരിച്ച് അഭികാമ്യമാണോ എന്നു പരിശോധിക്കണം. തദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്പു കുടിശിക പൂർണമായും കൊടുത്തുതീർക്കാൻ കഴിയണമെന്നും പ്രതിനിധികൾ പറഞ്ഞു.
എസ്എഫ്ഐയുടെ പ്രവർത്തനം ജില്ലയിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നു. പ്രത്യേകിച്ചു യൂണിവേഴ്സിറ്റി കോളജിലെ യൂണിറ്റ്്. പാർട്ടിയുടെ നിയന്ത്രണത്തിൽനിന്നും എസ്എഫ്ഐ മാറിപ്പോകുന്നു. ഇതു ജില്ലാ നേതൃത്വം പരിശോധിക്കണം. ഡിവൈഎഫ്ഐയുടെ പ്രവർത്തനം ശരാശരിയിലും താഴെയാണ്. ഇങ്ങനെപോയാൽ യുവാക്കളെ പാർട്ടിയുമായി അടുപ്പിക്കാൻ കഴിയില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
മംഗലപുരം ഏരിയാ സെക്രട്ടറി മധു ബിജെപിയിലേയ്ക്കു പോയതു വലിയ തിരിച്ചടിയാണ്. മധുവും ബിജെപിയുമായി വലിയ ബന്ധമുണ്ടായിരുന്നൂവെന്നു പാർട്ടി ജില്ലാ നേതൃത്വം പറയുന്നു. എന്നാൽ ആറു വർഷം ഏരിയാ സെക്രട്ടറിയായിരുന്ന മധുവിന്റെ നീക്കങ്ങൾ നേതാക്കൾക്ക് അറിയാമായിരുന്നെങ്കിൽ ഇരതയും നാൾ എന്തിനായിരുന്നു മധുവിനെ ചുമന്നതെന്നും പ്രതിനിധികൾ ചർച്ചയിൽ ചോദിച്ചു.
ജില്ലാ സെക്രട്ടറി വി.ജോയി അവതരിപ്പിച്ച റിപ്പോർട്ടിൽ കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാറിനെയും വിമർശിച്ചില്ല. ഇന്നലെ 10 പ്രതിനിധികളാണു ചർച്ചയിൽ പങ്കെടുത്തത്. ചർച്ച ഇന്നും തുടരും. പുതിയ ജില്ലാ സെക്രട്ടറിയേയും കമ്മിറ്റിയേയും ഇന്നു സമ്മേളനം തെരഞ്ഞെടുക്കും.