ആശുപത്രി മാലിന്യങ്ങൾ ജൈവവളമാക്കുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചു
1413096
Friday, March 29, 2024 5:35 AM IST
തിരുവനന്തപുരം: രോഗകാരികളായ ആശുപത്രി മാലിന്യങ്ങൾ ജൈവവളമാക്കുന്ന നൂതന സംവിധാനം അവതരിപ്പിച്ച് സിഎസ്ഐആർഎൻഐഐഎസ്ടി. പാപ്പനംകോട്ടെ എൻഐഐഎസ്ടി കാന്പസിൽ നടന്ന ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് കോണ്‍ക്ലേവിലാണ് ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചത്.
ഒരു കിലോഗ്രാം മെഡിക്കൽ മാലിന്യം മൂന്ന് മിനിറ്റ് കൊണ്ട് കാർഷികാവശ്യത്തിന് അനുയോജ്യമായ സോയിൽ അഡിറ്റീവായി മാറ്റിയെടുക്കാൻ സാധിക്കുന്ന ഉത്പന്നമാണ് വികസിപ്പിച്ചെടുത്തത്. രാജ്യത്ത് ഉടനീളമുള്ള ആശുപത്രികളിൽ ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി മാത്രം മതിയാകും.
ഡ്യുവൽ ഡിസിൻഫെക്ഷൻ സോളിഡിഫിക്കേഷൻ എന്ന സാങ്കേതികവിദ്യയാണ് എൻഐഐഎസ്ടി വികസിപ്പിച്ചെടുത്തത്. ഇതുവഴി രക്തം, കഫം, മൂത്രം, മറ്റ് ശരീര സ്രവങ്ങൾ, ദന്തമാലിന്യങ്ങൾ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മാലിന്യങ്ങൾ, കോട്ടണ്‍ ബാൻഡേജ്, ലാബ് മാലിന്യങ്ങൾ എന്നിവ വളരെ പെട്ടന്ന് തന്നെ അണുനശീകരണം നടത്തുകയും ഖരമാലിന്യമാക്കി മാറ്റുകയും ചെയ്യും. ആശുപത്രി മാലിന്യങ്ങൾ ഉറവിടത്തിൽ വച്ച് തന്നെ സംസ്കരിക്കാനാകുമെന്നതാണ് മെച്ചം.
സമ്മേളനം ന്യൂഡൽഹി എയിംസ് ഡയറക്ടർ ഡോ. എം. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ഡിഎസ്ഐആർ സെക്രട്ടറിയും സിഎസ്ഐആർ ഡയറക്ടർ ജനറലുമായ ഡോ.എൻ കലൈസെൽവി അധ്യക്ഷത വഹിച്ചു. സിഎസ്ഐആർഎൻഐഐഎസ്ടി ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ പ്രസംഗിച്ചു.