കൊച്ചി: രാഷ്ട്രനിർമാണത്തിലും രാജ്യത്തിന്റെ സമഗ്ര വികസന പ്രക്രിയയിലും മലയാളികളായ വനിതകൾ വഹിച്ച നേതൃത്വപരമായ പങ്ക് ശ്രദ്ധേയമാണെന്നു രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തിന്റെ ജനസംഖ്യാപരമായ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ ഭരണ, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിൽ സ്ത്രീകളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.ഭരണഘടനാ അസംബ്ലിയിലുണ്ടായിരുന്ന വനിതാ അംഗങ്ങളിൽ മൂന്നു പേരും മലയാളികളായിരുന്നു. അമ്മു സ്വാമിനാഥൻ, ആനി മസ്ക്രീൻ, ദാക്ഷായണി വേലായുധൻ എന്നിവർ ഭരണഘടനാ രൂപീകരണ ചർച്ചകളിൽ സജീവമായി പങ്കു വഹിച്ചു.
ലിംഗസമത്വം, മൗലികാവകാശങ്ങൾ, സാമൂഹികനീതി തുടങ്ങിയ വിഷയങ്ങളിലും മറ്റു സുപ്രധാന മേഖലകളിലുമുള്ള ചർച്ചകളിൽ അവരുടെ ഇടപെടലുകൾ ചരിത്രത്തിന്റെ ഭാഗമാണ്. ഭരണഘടനയ്ക്ക് ഉന്നതമായ ദർശനവും മുഖവും പകരുന്നതിൽ അവർ വലിയ സംഭാവനകളാണു നൽകിയത്.
രാജ്യത്തെ പ്രഥമ വനിതാ ഹൈക്കോടതി ജഡ്ജി മലയാളിയായ ജസ്റ്റീസ് അന്നാ ചാണ്ടിയാണ്. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റീസ് എം.ഫാത്തിമാ ബീവിയും മലയാളിയാണെന്നതും ചരിത്രത്തിന്റെ ഭാഗമാണ്.വികസനത്തിൽ മുന്നേറുന്ന രാജ്യത്തു സ്ത്രീകൾ സംരംഭകമേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
കഴിഞ്ഞ നാലു വർഷത്തിനിടയിൽ സ്ത്രീകളുടെ സാരഥ്യമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണം ഇരട്ടിയോളമായി വർധിച്ചു. 2047 ഓടെ വികസിത ഭാരതം എന്ന ദർശനം കൈവരിക്കുന്നതിന് തൊഴിൽ, സംരംഭക മേഖലകളിൽ 70 ശതമാനം വനിതാപങ്കാളിത്തം ഉറപ്പാക്കുന്നതിലേക്കുള്ള പ്രയാണത്തിലാണു രാജ്യം.
ഉന്നതവിദ്യാഭ്യാസത്തിലെ ലിംഗസമത്വ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്തുണ്ടെന്നത് അഭിമാനകരമാണ്. രാജ്യത്തെ മികച്ച പത്തു സര്‍വകലാശാലകളില്‍ രണ്ടും എന്‍ഐആര്‍എഫ് റാങ്കിംഗിൽ രാജ്യത്തെ മികച്ച 100 കോളജുകളില്‍ 18 ഉം കേരളത്തിലാണ്.
സ്ത്രീവിദ്യാഭ്യാസത്തെയും ശക്തീകരണത്തെയും പ്രോത്സാഹിപ്പിക്കുന്നതിൽ സെന്റ് തെരേസാസ് കോളജ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടോളം സുസ്ഥിര നേട്ടങ്ങളിലൂടെ കോളജിനെ നയിക്കുകയും മഹത്തായ സ്ഥാപകദർശനങ്ങളോടു ചേർത്ത് നേട്ടങ്ങളിലേക്കു കൈപിടിക്കുകയും ചെയ്തവർ അഭിനന്ദനം അർഹിക്കുന്നു. നാളത്തെ ഇന്ത്യയെ പ്രതിനിധീകരിക്കേണ്ടവരാണ് കോളജിലെ പ്രതിഭകളായ വിദ്യാർഥികൾ.
വിദ്യാഭ്യാസപ്രക്രിയയ്ക്കൊപ്പം ആത്മീയ, ജീവിത മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും സെന്റ് തെരേസാസിനെ സവിശേഷമാക്കുന്നു. ഇന്ത്യയെ വിജ്ഞാനത്തിന്റെ മാതൃകാശക്തിയാക്കി വളർത്താൻ സെന്റ് തെരേസാസിനെപ്പോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സാധിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
ശതാബ്ദി ലോഗോ രാഷ്ട്രപതിക്കു നൽകി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. അനു ജോസഫ് രാഷ്ട്രപതിക്ക് കോളജിന്റെ ഉപഹാരം സമ്മാനിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. രാജീവ്, വി.എന്‍. വാസവന്, വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ എം. അനില്‍കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.