കോഴിക്കോട്: പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയത് ആസൂത്രിത അക്രമമെന്ന് ഷാഫി പറമ്പിൽ എംപി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ ആക്രമിച്ചത് അഭിലാഷ് ഡേവിഡ് എന്ന പോലീസുകാരനാണെന്നും ശ്രീകാര്യം എസ്എച്ച്ഓ ആയിരുന്ന ഇയാളെ ലൈംഗീക പീഡനക്കേസിൽ നടപടി സ്വീകരിക്കാത്തതിന് 2023 ജനുവരി 16ന് സസ്പെൻഡ് ചെയ്തിരുന്നുവെന്നും ജനുവരി 19ന് ഇയാളെ സേനയിൽ നിന്നും പിരിച്ചുവിട്ടതാണെന്നും ഷാഫി പറഞ്ഞു.
അഭിലാഷ് ഡേവിഡ് ഉൾപ്പടെ മൂന്നു പോലീസുകാരെ സേനയിൽ നിന്നും പിരിച്ചുവിട്ടെന്ന മാധ്യമവാർത്തകൾ ഉൾപ്പടെ കാണിച്ചുകൊണ്ടാണ് ഷാഫി വെളിപ്പെടുത്തൽ നടത്തിയത്.
എന്നാൽ ഇയാൾ നിലവിൽ വടകര കൺട്രോൾ റൂം സിഐയാണെന്നും വഞ്ചിയൂർ സിപിഎം ഓഫീസിലെ നിത്യ സന്ദർശകനാണ് അഭിലാഷ് ഡേവിഡ് എന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
സിപിഎമ്മിന്റെ തിരക്കഥയ്ക്ക് അനുസരിച്ചാണ് പോലീസ് പ്രവർത്തിക്കുന്നത്. തന്നെ മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ല.
പേരാമ്പ്രയിൽ ആക്രമണം ഉണ്ടായത് ശബരിമല വിഷയം മാറ്റാനാണ്. ആസൂത്രിതമായ അക്രമമാണ് പോലീസ് നടത്തിയത്. പോലീസിന്റെ കൈയിൽ ഇരുന്ന ഗ്രനേഡ് പൊട്ടിയാണ് തനിക്ക് പരിക്കുണ്ടായത്.
പേരാമ്പ്രയിൽ സംഘർഷം ഒഴിവാക്കാനാണ് താൻ ശ്രമിച്ചത്. അതിന്റെ ദൃശ്യങ്ങൾ ഉണ്ട്. ഇത്ര വലിയ മർദനമേറ്റിട്ടും അവിടുന്നു ഓടി ആശുപത്രിയിൽ പോകാഞ്ഞത് പ്രവർത്തകരെ പിരിച്ചു വിടാൻ വേണ്ടിയാണ്.
അവിടെ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ശ്രമിച്ചത്. മർദിച്ചില്ലെന്ന് പറഞ്ഞ എസ്പിക്ക് പോലും അത് മാറ്റിപ്പറയേണ്ടി വന്നു. എഐ ടൂൾ ഉപയോഗിച്ച് ആളെ തിരിച്ചറിഞ്ഞു നടപടിയെടുക്കും എന്ന് പറഞ്ഞു. എന്നിട്ട് ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല.
സിപിഎം ഇടപെടലിനെ തുടർന്നാണ് എസ്പി അന്വേഷണം നിർത്തിയത്. ഇതുവരെ മൊഴി പോലും എടുത്തില്ല. റൂറൽ എസ്പിയുടെ ബൈറ്റ് പുറത്തു വന്ന ശേഷം ഇടപെടൽ ഉണ്ടായി. ഒരു ഉദ്യോഗസ്ഥൻ തന്നെയാണ് രണ്ടു തവണ അടിച്ചത്. മൂന്നാമത് അടിച്ചപ്പോൾ മറ്റൊരു ഉദ്യോഗസ്ഥൻ തടഞ്ഞു.
അടിക്കുന്ന സമയത്ത് ഒരു സംഘർഷമോ കല്ലേറോ ഉണ്ടായിട്ടില്ല. പോലീസിന്റെ കൈയിൽ ഇരുന്ന ഗ്രനേഡ് പൊട്ടിയാണ് പരിക്കുണ്ടായത്. ഗ്രനേഡ് കൈയിൽ വച്ച് ഒരു കൈയിൽ ലാത്തി കൊണ്ട് ഡിവൈഎസ്പി ഹരിപ്രസാദ് അടിക്കാൻ ശ്രമിച്ചെന്നും ഷാഫി പറഞ്ഞു.
Tags : shafi parambil pressmeet