കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇതോടെ, ഷാഫി പറമ്പിലിന് നേരെ ലാത്തി ചാർജ് നടത്തിയില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു.
പോലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര് വാതകമാണ് പ്രയോഗിച്ചതെന്നും ആണ് പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ വിശദീകരണം. അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പൊലീസ് പറഞ്ഞത്.
പിന്നിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരിക്കേറ്റിരുന്നു.
പേരാമ്പ്ര ഗവൺമെന്റ് സികെജി കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. ചെയർമാൻ സീറ്റിൽ വിജയിച്ചതിനെ തുടർന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ മർദിച്ചു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്ര നഗരത്തിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു.
ഹർത്താലിന് ശേഷം യുഡിഎഫ് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് സംഘർഷം ഉണ്ടായത്. അതേസമയം, മൂക്കിന് പരിക്കേറ്റ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്.
Tags : shafi parambil police injury