കോഴിക്കോട്: പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റതിൽ വിശദീകരണവുമായി റൂറൽ എസ്പി കെ.ഇ.ബൈജു. എംപിയെ മർദിച്ചത് പോലീസുകാർ തന്നെയാണ്. ചില പോലീസുകാർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്നും എസ്പി പറഞ്ഞു.
എംപിയെ പിന്നിൽ നിന്ന് ലാത്തി കൊണ്ട് ആരോ അടിക്കുകയായിരുന്നു. അത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. വടകരയിൽ നടന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിലാണ് റൂറൽ എസ്പി ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ ലാത്തി ചാർജ് നടത്തിയിട്ടില്ലെന്ന നിലപാടിലായിരുന്നു പോലീസ്. എന്നാൽ എംപിക്ക് മർദനമേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ അടിയിലാണ് ഷാഫി പറമ്പിലിന്റെ മൂക്കിന് ഗുരുതരമായി പരിക്കേറ്റത്.
നേരത്തെ സിപിഎം നേതാക്കളും റൂറല്‍ എസ്പിയടക്കമുള്ള പോലീസുദ്യോഗസ്ഥരും ഷാഫി പറമ്പിലിന് പരിക്കേറ്റത് ഷോ ആണെന്നും പോലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും വാദിച്ചിരുന്നു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഡിജിപിക്ക് പരാതി നൽകി.
നടപടിയുണ്ടായില്ലെങ്കില്‍ റൂറല്‍ എസ്പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. സംഭവത്തിൽ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് ഷാഫി പറമ്പിൽ ഉടൻ പരാതി നൽകും.
Tags : shafi parambil beaten by police ruralsp