തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ.
ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണ് ഇയാളെ ചോദ്യം ചെയ്തത്. 2019ൽ ശബരിമലയിൽ നിന്ന് ദ്വാരപാലക പാളികൾ കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണെന്നും ഇയാൾ അത് പിന്നീട് നാഗേഷിന് കൈമാറുകയായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
മഹസർ പ്രകാരം ഇളക്കിയെടുത്ത ലോഹപാളികൾ യഥാർഥത്തിൽ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യം ആണ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിനുനേരെ ഒപ്പിട്ടിരിക്കുന്നത് അനന്തസുബ്രഹ്മണ്യം ആണ്. ഈ ദിവസം ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ ഇല്ലായിരുന്നു എന്ന് വെളിവായിട്ടുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
Tags : Sabarimala Gold Unnikrishnan Potty