തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ദ്വാരപാലക ശില്പം വില്ക്കാന് കടകംപള്ളി കൂട്ടുനിന്നെന്നാണ് വിമര്‍ശനം.
ദ്വാരപാലക ശില്പം ഒരു കോടീശ്വരന് വിറ്റുവെന്നും കടകംപള്ളിയോട് ചോദിച്ചാല്‍ ആര്‍ക്കാണ് വിറ്റത് എന്നറിയാമെന്നും സതീശന് ആരോപിച്ചു. സ്വര്‍ണം ചെമ്പാക്കിയ രാസവിദ്യ ആണ് നടന്നത്. ഒരു പത്രസമ്മേളനം നടത്തി സര്‍ക്കാരിന് പറയാനുള്ളത് പറയുകയാണ് വേണ്ടത്. എന്താണ് ഇത്രയും നാളായി മിണ്ടാതെ ഇരിക്കുന്നതെന്നും സതീശന് വിമര്‍ശിച്ചു.
കോണ്‍ഗ്രസ് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരും. കട്ടളപ്പടിയും വാതിലും എല്ലാം അടിച്ചുകൊണ്ടുപോയി. ഇപ്രാവശ്യം അയ്യപ്പവിഗ്രഹം കൂടി കൊണ്ടുപോകാനായിരുന്നു പ്ലാന്‍ എന്നും സതീശന് പറഞ്ഞു.
പോലീസിനെ വിശ്വാസമില്ലാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സര്‍ക്കാരിനോടല്ല പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ആവശ്യപ്പെട്ടത്. ഉണ്ണികൃഷ്ണന് പോറ്റി കുടുങ്ങിയാല്‍ എല്ലാവരും കുടുങ്ങുമെന്നും വി.ഡി. സതീശന് പറഞ്ഞു.
Tags : Sabarimala Gold Kerala Assembly VD Satheesan Kadakampally Surendran