കുമരകം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഇന്നു കുമരകം വരവേല്‍ക്കും. വേമ്പനാട് കായലോരത്തെ താജ് പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇന്നു വൈകുന്നേരം ആറു മുതല്‍ നാളെ രാവിലെ പത്ത് വരെ രാഷ്ട്രപതിയുടെ താമസം.
അടല്‍ ബിഹാരി വാജ്പേയി, കെ.ആര്. നാരായണന്, പ്രതിഭാ പാട്ടീല്‍ തുടങ്ങിയ പ്രമുഖര്‍ മുന്‍പ് താജില്‍ താമസിച്ചിട്ടുണ്ട്. താജിലെ 23 മുറികളിലാണ് രാഷ്ട്രപതിയും ഒപ്പമുള്ള ടീമും താമസിക്കുക.
സംസ്ഥാനത്തുനിന്നും ഡല്‍ഹിയില്‍നിന്നുമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ കുമരകത്തെ മറ്റ് റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും താമസിക്കും. ഇന്ന് നൃത്തം ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ ക്രമീകരിക്കുന്നുണ്ട്. രാത്രിയും രാവിലെയും കായല്‍ കാഴ്ചകള്‍ ആസ്വദിക്കാവുന്ന വിധമാണ് രാഷ്ട്രപതിയുടെ മുറിയുടെ ക്രമീകരണം. വെള്ളിയാഴ്ച രാവിലെ ബോട്ടിംഗും ക്രമീകരിച്ചിട്ടുണ്ട്.
താജ് ഹോട്ടല്‍ എസ്പിജി സുരക്ഷാ വിഭാഗത്തിന്റെ സംരക്ഷണയിലാണ്. കൂടാതെ കേരള പോലീസും വിവിധയിടങ്ങളില്‍ ഡ്യൂട്ടിയിലുണ്ട്. ഇന്നു വൈകുന്നേരം പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുത്തശേഷം രാഷ്ട്രപതി പാലായില്‍നിന്ന് ഹെലികോപ്ടറില്‍ വൈകുന്നേരം കോട്ടയം പോലീസ് പരേഡ് മൈതാനത്തെത്തും.
അവിടെനിന്ന് റോഡുമാര്‍ഗമാണു കുമരകത്തേക്കു പോകുക. നാളെ രാവിലെ പത്തിന് കുമരകത്തുനിന്ന് റോഡുമാര്‍ഗം കോട്ടയത്തെത്തി ഹെലികോപ്ടറിലേക്ക് കൊച്ചിയിലേക്കും പോകും. കോട്ടയം മുതല്‍ കുമരകം വരെ 1,200 പോലീസുകാരെയാണ് വിന്യസിപ്പിക്കുക.
<b>ദ്രൗപതി മുര്‍മുവിന് ഭക്ഷണം വെജിറ്റേറിയന്‍</b>
സുരക്ഷാ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ രാഷ്ട്രപതിയുടെ സ്വന്തം പാചകടീമാണ് ഭക്ഷണമൊരുക്കുന്നത്. കുമരകത്തും പാചകം ഇവര്‍തന്നെ. രാഷ്ട്രപതി വെജിറ്റേറിയന്‍ ഭക്ഷണമാണ് താത്പര്യപ്പെടുന്നതെങ്കിലും ഒപ്പമുള്ളവരെ സത്കരിക്കാന്‍ കരിമീനും കൊഞ്ചുകറിയും പുളിയിട്ട നാടന്‍ മീന്‍കറിയും കപ്പയും ഉള്‍പ്പെടെ വിഭവങ്ങള്‍ ടാജ് ഹോട്ടല്‍ കരുതുന്നുണ്ട്.
അത്താഴ വിരുന്ന് 50 പേര്‍ക്കാണ് ഒരുക്കുന്നത്. തികച്ചും നാടന്‍ വിഭവങ്ങളാണ് അത്താഴത്തിന്. കായല്‍ വിഭവങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാണ് ഭക്ഷണക്രമീകരണം. പ്രഭാത ഭക്ഷണത്തിനും കേരളീയ വിഭവങ്ങള്‍ തന്നെ.
തിരുവനന്തപുരം രാജ്ഭവനില്‍ ചൊവ്വാഴ്ച അത്താഴത്തിനു ചോറും ബീന്‍സ് തോരനും മുരിങ്ങക്ക സൂപ്പും ഉള്‍പ്പെടെയുള്ള വെജിറ്റേറിയന്‍ ഭക്ഷണമാണ് രാഷ്ട്രപതിക്ക് ഒരുക്കിയത്. കരിക്ക് പുഡ്ഡിംഗുമുണ്ടായിരുന്നു.
ചപ്പാത്തി, വെള്ള കടലക്കറി, റാഗി റൊട്ടി, വെജിറ്റബിള്‍ കോലാപൂരി, മിക്സഡ് വെജിറ്റബിള്‍ കിച്ചടി, തൈര്, പപ്പടം, അച്ചാര്‍, വെജിറ്റബിള്‍ സാലഡ്, വെജിറ്റബിള്‍ കബാബ്, ചുവന്ന പരിപ്പ് ഫ്രൈ, കൂണ് നെയ്യ് റോസ്റ്റ്, കാപ്സിക്കം ബജി എന്നിവയുമുണ്ടായിരുന്നു. കുമരകത്തും ഇത്തരത്തിലുള്ള വിഭവങ്ങളായിരിക്കും തയാറാക്കുക.
<b>കായലും കരയും അതീവ സുരക്ഷയില്‍</b>
രാഷ്ട്രപതിയെ വരവേല്കാന് കുമരകത്ത് കായലിലും കരയിലും അതീവ സുരക്ഷ ഒരുക്കി. രാഷ്ട്രപതി താമസിക്കുന്ന താജ് ഹോട്ടല്‍, സമീപ കായല്‍ തീരം, സഞ്ചാര പാതയിലെ അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ നിരീക്ഷണം നടത്തി.
ബുധനാഴ്ച വൈകുന്നേരം നാലിനാണ് ഡോഗ് സ്ക്വാഡ് കുമരകത്ത് പരിശോധന പൂര്‍ത്തിയാക്കിയത്. ഇന്നും ഡോഗ് സ്ക്വാഡിന്റെ പരിശോധന ഉണ്ടാക്കും.
സുരക്ഷാ ചുമതലക്ക് 500 പോലീസ് ഉദ്യോഗസ്ഥരെയാണു വിന്വസിപ്പിച്ചിരിക്കുന്നത്. താജ് ഹോട്ടലിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കായലില്‍ മത്സ്യബന്ധനവും ജലഗതാഗതവും നിരോധിച്ചു.
കായല്‍ സവാരിക്കായി രണ്ട് ഹൗസ് ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമെ കായല്‍ സവാരി നടത്തുകയുള്ളു.
<b>കേരളീയ കലാരൂപങ്ങള്‍</b>
രാഷ്ട്രപതിക്കായി ഹോട്ടലിന്റെ ലോണില്‍ ഇന്ന് രാത്രി കേരളീയ കലാരൂപങ്ങള്‍ അവതരിപ്പിക്കും. കഥകളി, ഓട്ടന്തുള്ളല്, മോഹിനിയാട്ടം തുടങ്ങിയവ രാഷ്ട്രപതിയുടെ താത്പര്യത്തിന് അനുസരിച്ച് അവതരിപ്പിക്കും.
<b>പാലം റെഡി</b>
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കോണത്താറ്റു പാലത്തിന്റെ പ്രവേശന പാതയുടെ അറ്റകുറ്റപ്പണികള്‍ ധൃതഗതിയില്‍ നടത്തിക്കൊണ്ടിരിക്കുന്നു. റോഡിന്റെ അവസാന അറ്റകുറ്റപ്പണികള്‍ ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയാക്കി. വൈകുന്നേരത്തോടെ പോലീസ് ട്രയല്‍ റണ്‍ നടത്തി.