തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎംശ്രീയിൽ സർക്കാർ ഒപ്പുവച്ചതിനെച്ചൊല്ലിയുണ്ടായ സിപിഎം-സിപിഐ തർക്കം കൂടുതൽ രൂക്ഷമാകുന്നു. ഇടതുനയം മാത്രം നടപ്പിലാക്കാനുള്ള ഏജൻസിയല്ല സർക്കാരെന്നും പിഎംശ്രീയിൽ സിപിഐക്കുള്ള ആശങ്ക സിപിഎമ്മിനും ഉണ്ടെന്നായിരുന്നു ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.
തൊട്ടുപിന്നാലെ സിപിഎമ്മിനെതിരേ രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമെത്തി. സർക്കാർ തിരുത്തിയേ മതിയാകൂവെന്നും ഇല്ലെങ്കിൽ 27നു ചേരുന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിനു ശേഷം കാണാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എന്നാൽ എൻഇപി നടപ്പിലാക്കില്ലെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പരാമർശത്തെ സ്വാഗതം ചെയ്ത ബിനോയ് പിഎംശ്രീ പദ്ധതിയിയിലും പതിവുപോലെ സർക്കാരിനൊപ്പം ചേർന്നുനിൽക്കുമെന്ന പ്രതീതിയാണു ജനിപ്പിച്ചത്.
ഇന്നലെ രാവിലെ ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷവിമർശനമാണു സിപിഎമ്മിനെതിരേയും സർക്കാരിനെതിരേയും ഉണ്ടായത്. ഇടതുമുന്നണിയെയും മന്ത്രിസഭയിലെ പാർട്ടി മന്ത്രിമാരെയും നോക്കുകുത്തിയാക്കി പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ട നടപടിയെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും ശക്തമായ തീരുമാനം ഇക്കാര്യത്തിൽ വേണമെന്നും സെക്രട്ടേറിയറ്റംഗങ്ങൾ ബിനോയ് വിശ്വത്തോടു പറഞ്ഞു.
പാർട്ടി സെക്രട്ടേറിയറ്റിന്റെ വികാരം പൂർണമായും ഉൾക്കൊള്ളുന്നുവെന്നും ഇടതുമുന്നണി കണ്വീനർ ടി.പി. രാമകൃഷ്ണനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇക്കാര്യം പറഞ്ഞു കത്തയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിലുള്ള പാർട്ടി നിലപാടു വാർത്താസമ്മേളനം നടത്തി വിശദീകരിക്കാമെന്നും ബിനോയ് പറഞ്ഞു. കൂടാതെ ഇടതുമുന്നണിയിലെ എല്ലാ പാർട്ടികൾക്കും സിപിഐയുടെ പ്രതിഷേധം വ്യക്തമാക്കിക്കൊണ്ടുള്ള കത്തുനൽകാനും സെക്രട്ടേറിയറ്റ് പാർട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ച രണ്ടുതവണ മന്ത്രിസഭായോഗം മാറ്റിവച്ചതാണ്. ആർഎസ്എസിന്റെ രാഷ്ട്രീയം നടപ്പിലാക്കാനുള്ള എൻഇപി പരിപാടി ഒരു കാരണവശാലും കേരളത്തിൽ നടപ്പിലാക്കില്ലെന്നു മന്ത്രി വി. ശിവൻകുട്ടിയും സിപിഎം നേതാക്കളും ആവർത്തിച്ചു വ്യക്തമാക്കിയതുമാണ്. എന്നാൽ നയപരമായ ഒരു കാര്യം ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ സർക്കാർ ഉദ്യോഗസ്ഥയെ പൊടുന്നനെ പറഞ്ഞയച്ചു നിർവഹിച്ചതിലെ നിഗൂഢതയെയാണു സിപിഐ സംശയിക്കുന്നത്. എന്തു രാഷ്ട്രീയ നീക്കുപോക്കാണു നടന്നതെന്ന സംശയവും സിപിഐയ്ക്കുണ്ട്. പദ്ധതിയിൽ ഒപ്പിട്ട സാഹചര്യത്തിൽ പിന്നോട്ടുപോകാൻ കഴിയില്ലെന്ന തിരിച്ചറിവും സിപിഐക്കുണ്ട്. പാർട്ടി മന്ത്രിമാരെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുപ്പിക്കാതിരിക്കാനുള്ള തീരുമാനമെങ്കിലും ഉണ്ടാകണമെന്ന നിലപാടിൽ തന്നെയാണു സിപിഐയിലെ പ്രധാനപ്പെട്ട എല്ലാ നേതാക്കളും. പക്ഷേ ഇക്കാര്യത്തിൽ ഒരഭിപ്രായവും ബിനോയ് വിശ്വം ഇതുവരെയും പങ്കുവച്ചിട്ടില്ല. ബാക്കി കാര്യങ്ങൾ 27ന് ആലപ്പുഴയിൽ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ആലോചിക്കാമെന്നു മാത്രമാണു പാർട്ടി നേതാക്കളോട് ബിനോയ് പങ്കുവച്ചിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയൻ വിദേശസന്ദർശന ശേഷം മടങ്ങിയെത്തുമ്പോൾ വിഷയത്തിൽ കൂടുതൽ ചർച്ചകളും തീരുമാനങ്ങളും കൈക്കൊള്ളാനാണു സിപിഎം തീരുമാനവും.