കൊച്ചി: എംഎസ്സി എല്‍സ3 കപ്പല്‍ അപകടം നടന്നിട്ട് മൂന്ന് മാസം പിന്നിടുമ്പോഴും നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാനുള്ള നടപടികളില്‍ മെല്ലെപ്പോക്ക് തുടര്‍ന്ന് സര്‍ക്കാര്‍.
ബാധ്യത 132 കോടിയില്‍ പരിമിതപ്പെടുത്തണമെന്ന് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി കോടതിയെ അറിയിച്ചിട്ടും സര്‍ക്കാര്‍ ഇതുവരെ എതിര്‍പ്പ് അറിയിച്ചിട്ടില്ല. പാരിസ്ഥിതിക ആഘാതം ഉണ്ടായെന്ന് തെളിയിച്ചാല്‍ പരിധികളില്ലാത്ത നഷ്ടപരിഹാരം ലഭിക്കുമെങ്കിലും ഒന്നും ചെയ്യുന്നില്ലെന്നാണ് നിയമവിദഗ്ധരും മത്സ്യത്തൊഴിലാളികളും ഉന്നയിക്കുന്ന ആരോപണം.
കൊല്ലം അഴീക്കലില്‍ നിന്ന് പോയ ശിവസുതന്‍ വള്ളത്തിന്റെ വല രണ്ടു തവണയാണ് എംഎസ്എസി എല്‍സയില്‍ നിന്ന് വീണ കണ്ടെയ്നറില്‍ കുടുങ്ങി കീറിയത്. വലയും ഉപകരണങ്ങളുമടക്കം 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
എറണാകുളം മുതല്‍ കൊല്ലം വരെയുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങളാണ് നശിച്ചു പോകുന്നത്. ഇതിനിടെയാണ് അപകടത്തിന്റെ ബാധ്യത വെറും 132 കോടിയില്‍ പരിമിതപ്പെടുത്താനുള്ള മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ശ്രമം.
പാരിസ്ഥിതിക ആഘാതവും മത്സ്യത്തൊഴിലാളികളുടെ നഷ്ടവുമൊക്കെ കണക്കാക്കി സര്‍ക്കാര്‍ ആവശ്യപ്പെട്ട 9,531 കോടിയുടെ 1.3ശതമാനം മാത്രമാണ് കമ്പനി പറഞ്ഞ തുക. കമ്പനിയുടെ കപ്പലുകള്‍ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ തടയണമെന്നും എംഎസ്സി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.