കട്ടപ്പന: ചെറിയ കടമുറി എന്നൊരു മുറി 1993ലെ ഭൂപതിവ് സ്പെഷൽ നിയമത്തിലില്ലെന്ന് ഹൈക്കോടതി. 1993ലെ വനഭൂമി കുടിയേറ്റം ക്രമീകരിക്കൽ സ്പെഷൽ നിയമത്തിൽ പട്ടയം നൽകുന്നത് ചെറിയ കടമുറിക്കാണെന്ന സർക്കാർ വാദമാണ് ഹൈക്കോടതി വെട്ടിയത്.
അരുണ്‍ ആന്റണി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള കേസിലാണ് ജസ്റ്റീസ് ഡോ. കൗസർ എടപ്പഗത്തിന്റെ 2025 മേയ് 23ലെ നിർണായക വിധി. 01-01 -1977 നു മുന്‍പുള്ള കൈവശഭൂമിക്ക് പട്ടയം നൽകുന്നതിനായുള്ള 1993ലെ (റെഗുലറൈസേഷൻ ഓഫ് ഒക്കുപ്പേഷൻ ഓഫ് ഫോറസ്റ്റ് ലാൻഡ് പ്രിയർ ടു 01-01- 1977) നിയമത്തിൽ കൃഷി, വീട്, ഷോപ് എന്നിവയ്ക്കു പട്ടയം നൽകാനാണ് വ്യവസ്ഥയുള്ളത്.
നിയമത്തിൽ വീട്, ഷോപ്പ് എന്നിവയുടെ സ്പെസിഫിക്കേഷൻ ( വിശദമായ നിർദേശം, രൂപകല്പന, ഉപയോഗ രീതി) പറഞ്ഞിട്ടില്ല. ഷോപ്പ് സൈറ്റ് എന്നതിനു ചെറിയ കടമുറി എന്നും നിയമത്തിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ഷോപ്പ് സൈറ്റ് എന്നാൽ ചെറിയ കടമുറി എന്നാണെന്ന സർക്കാർ ഉദ്യോഗസ്ഥന്റെ എക്സിക്യൂട്ടീവ് ഉത്തരവ് നിയമവിരുദ്ധവും നിലനിൽക്കുന്നതല്ലെന്നും കോടതി വിധിയിൽ പറയുന്നു.
ചെറിയ കടമുറി എന്ന സർക്കാർ ഉത്തരവ് വെറും അഡ്മിനിസ്ട്രേറ്റീവ് ഇന്റർപ്രിട്ടേഷൻ (വ്യാഖ്യാനം) മാത്രമാണെന്നും ഇതു നിയമം വഴി നടപ്പാക്കാനാകില്ലെന്നും കോടതിവിധിയിൽ ചൂണ്ടിക്കാട്ടി. അരുണ്‍ ആന്റണി കേസിൽ നടന്ന വാദത്തിൽ ചെറിയ കടമുറി എന്ന സർക്കാർ വാദം കോടതി തള്ളിയതിനു പിന്നാലെ, 1980ലെ കേന്ദ്ര വന സംരക്ഷണ നിയമത്തിനു മുൻകാല പ്രാബല്യമുണ്ടെന്ന സർക്കാർ വാദവും കോടതി തള്ളി.
01-01-1977 ലെ വനഭൂമി കുടിയേറ്റം ക്രമീകരിക്കൽ നിയമമനുരിച്ചു പട്ടയം നൽകിയിരിക്കുന്ന ഭൂമി ഇപ്പോഴും വനഭൂമിയാണെന്നായിരുന്നു സർക്കാർ വാദം. 1980ലെ കേന്ദ്ര വനനിയമത്തിനു മുൽകാല പ്രാബല്യമുണ്ടെന്നുള്ള സർക്കാർ വാദവും കോടതി തള്ളി. 1980ലെ നിയമത്തിനു പിൻകാല പ്രാബല്യം മാത്രമാണുള്ളതെന്നും സുപ്രീം കോടതി വിധിയിൽ ഇതു വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
2009ൽ സിഎച്ചആർ ഉൾപ്പടെയുള്ള 28588 ഹെക്ടർ പ്രദേശത്തു പട്ടയം നല്കാൻ സുപ്രീംകോടതി അനുമതി നൽകിയതാണ്. അവിടെയാണ് ഈ നിയമനുസരിച്ച് പട്ടയം നൽകിക്കൊണ്ടിരുന്നതും. ഇത് ഇപ്പോഴും വനഭൂമിയുടെ സ്റ്റാറ്റസിലാണെന്ന സർക്കാർ വാദം ദുരുദ്ദേശ്യപരമാണ്. 1993ലെ നിയമനുസരിച്ച് പട്ടയം ലഭിച്ച വാത്തിക്കുടി വില്ലേജിലെ സ്ഥലത്ത് പെട്രോൾ പന്പ് സ്ഥാപിക്കുന്നതിനു റവന്യു വകുപ്പ് എൻഒസി നിഷേധിച്ചതിനെ ചോദ്യംചെയ്താണ് അരുണ്‍ ആന്റണി ഹൈക്കോടതിയെ സമീപിച്ചത്. എൻഒസി നിഷേധിച്ചിനു കാരണമായാണ് ‘ചെറിയ കടമമുറി’യെന്ന വാദവും കേന്ദ്ര വനനിയമവും സർക്കാർ ഉന്നയിച്ചത്. ഈ കേസിലാണ് ഹൗസ് സൈറ്റിനും ഷോപ് സൈറ്റിനും വലുപ്പം നിഷ്കർഷിച്ചിട്ടില്ലെന്നും എൻഒസി വീണ്ടും പരിഗണിക്കണമെന്നും ഹൈക്കോടതി ഉത്തരവു നൽകിരിക്കുന്നത്. അരുണ്‍ ആന്റണിക്കുവേണ്ടി പീയുഷ് എ. ഹജരായി.