തിരുവനന്തപുരം: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 13ന് കാസര്‍ഗോട്ടുനിന്ന് ആരംഭിച്ച അവകാശ സംരക്ഷണയാത്ര ഇന്ന് തിരുവനന്തപുരത്തു സമാപിക്കും.
ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വം കാത്തുപരിപാലിക്കുക, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു നടപ്പാക്കുക, നെല്ല്, നാളികേരം, റബര്‍, ഇതര കാര്‍ഷികവിളകള്‍ എന്നിവയുടെ വിലത്തകര്‍ച്ച പരിഹരിക്കുക, വന്യജീവി അക്രമങ്ങള്‍ തടയുകയും അന്യായമായ ഭൂനിയമങ്ങള്ക്കു പരിഹാരം കണ്ടെത്തുകയും ചെയ്യുക, വിദ്യാഭ്യാസരംഗത്തെ ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക എന്നീ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്ര സംഘടിപ്പിക്കുന്നത്.
ഇന്നു രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നു പ്രകടനമായി ആരംഭിക്കുന്ന അവകാശ സംരക്ഷണയാത്ര സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തിച്ചേരും. തുടര്‍ന്ന് 11ന് ആരംഭിക്കുന്ന ധര്‍ണയില്‍ ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, ഗ്ലോബല്‍ സെക്രട്ടറി ജേക്കബ് നിക്കോളാസ്, ഡോ. ജോസ്കുട്ടി ജോസ്, ടോണി പുഞ്ചക്കുന്നേല്‍, ഫാ. ഫിലിപ്പ് കവിയില്‍, ഡോ.കെ.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Tags : Catholic Congress March Ends Space Protection