കൊച്ചി: ലളിതകലാ അക്കാദമി നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ സ്ഥാപിച്ചിരുന്ന കലാസൃഷ്ടി നശിപ്പിച്ചവർക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. ഹോചിമിൻ, സുധാംശു എന്നിവർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. നോർവേയിൽ താമസമാക്കിയ ഫ്രഞ്ച് കലാകാരിയായ ഹനാൻ ബനാമറിന്റെ ഇൻസ്റ്റലേഷൻ കീറിയെറിയുകയായിരുന്നു. ദർബാർ ഹാളിൽ അന്യവൽകൃത ഭൂമിശാസ്ത്രങ്ങൾ എന്ന പേരിൽ നടക്കുന്ന പ്രദർശനത്തിന്റെ ഭാഗമായിരുന്നു ഹനാന്റെ ഇൻസ്റ്റലേഷൻ.
ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് മലയാളത്തിലേക്ക് മൊഴിമാറ്റിയ ശേഷം പ്രിന്റ് മേക്കിംഗ് രീതിയായ ലിനോകട്ട് ഉപയോഗിച്ച് റൈസ് പേപ്പറിൽ ഒരുക്കിയ ഇൻസ്റ്റലേഷനാണിത്. ഇതിൽ ഉപയോഗിച്ചിരിക്കുന്നത് അശ്ലീല ഭാഷയെന്ന് ആരോപിച്ചാണ് മലയാളി കലാകാരനായ ഹോചിമിൻ ഇൻസ്റ്റലേഷൻ കീറിയെറിഞ്ഞത്. കലാപ്രവർത്തകനായ സുധാംശുവും ഒപ്പമുണ്ടായിരുന്നു.
Tags : case against vandalizing artwork Durbar Hall