കൊച്ചി: അരുന്ധതി റോയ് രചിച്ച "മദര്‍ മേരി കംസ് റ്റു മി' എന്ന പുസ്തകത്തിന്റെ വില്പന തടയണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. പുസ്തകത്തിന്റെ പിന്നില്‍ പുകവലിക്കെതിരേയുള്ള മുന്നറിയിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസാധകര് കോടതിയെ അറിയിച്ചു.
പുറംചട്ടയില്‍ ഒരു ചിത്രീകരണം എന്ന നിലയില്‍ മാത്രമാണ് എഴുത്തുകാരി പുകവലിക്കുന്ന ചിത്രം നല്‍കിയതെന്നും പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്നുള്ള നിഷേധക്കുറിപ്പ് ശ്രദ്ധിക്കാതെയാണു മുഖചിത്രത്തിനെതിരേ ഹര്‍ജി നല്‍കിയതെന്നും പ്രസാധകര് കോടതിയെ ബോധിപ്പിച്ചു. ഇക്കാരണത്താല്‍ ഹര്ജിക്കാരന് പിഴ ചുമത്തണമെന്നും ആവശ്യപ്പെട്ടു.
പുറംചട്ടയിലെ നിഷേധക്കുറിപ്പ് കണ്ടില്ലേയെന്നു ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഹര്‍ജിക്കാരനോട് ചോദിച്ചു. ഹര്‍ജിയുമായി മുന്നോട്ടുപോകുന്നുണ്ടോ അതോ സിഗരറ്റ്സ് ആന്‍ഡ് ടുബാക്കോ പ്രോഡക്ട്സ് നിയന്ത്രണ നിയമ പ്രകാരമുള്ള അഥോറിറ്റിയെ സമീപിക്കുകയാണോയെന്നും ഹര്‍ജിക്കാരനോട് ചോദിച്ചു.
ഹര്‍ജിയുമായി മുന്നോട്ടുപോകുകയാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചു. തുടര്‍ന്ന് വിഷയം ഒക്ടോബര്‍ ഏഴിനു പരിഗണിക്കാന്‍ മാറ്റി.
Tags : Arundhati Roy book Petition