ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ അധ്യക്ഷപദവിയിലേക്ക് സിക്ക്, മുസ്ലിം സമുദായങ്ങൾക്കു പുറത്തുള്ളവരെ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.
1978ൽ ന്യൂനപക്ഷ കമ്മീഷൻ രൂപീകരിച്ചതിനുശേഷം 16 അധ്യക്ഷന്മാരെ ഇതിനോടകം നിയമിച്ചിട്ടുണ്ടെന്നും ഇതിൽ 14 പേർ മുസ്ലിംകളും രണ്ടുപേർ സിക്കുകാരാണെന്നും ചൂണ്ടിക്കാട്ടിയാണ് മറ്റ് അംഗീകൃത ന്യൂനപക്ഷ സമുദായങ്ങളിൽനിന്നും പ്രാതിനിധ്യം ഉറപ്പാക്കാൻ വേണ്ട നടപടികൾ കേന്ദ്രം കൈക്കൊള്ളണമെന്നാവശ്യപ്പെട്ടു സലേക് ചന്ദ് ജെയിൻ എന്നയാൾ ഹർജി നൽകിയിരിക്കുന്നത്.
എന്നാൽ 1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമം ന്യൂനപക്ഷ സമുദായങ്ങളിൽനിന്നുള്ള പ്രാതിനിധ്യം വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഏതെങ്കിലുമൊരു പ്രത്യേക സമുദായത്തിൽനിന്ന് അധ്യക്ഷനെ നിയമിക്കണമെന്നു നിർബന്ധിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. എങ്കിലും ഹർജിക്കാരന് തന്റെ പരാതിയുമായി കേന്ദ്രസർക്കാരിനെ സമീപിക്കാമെന്നു പരാമർശിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.